ദോഹ: ഇന്ത്യയുടെ ബജറ്റ് എയർലൈൻ ഇൻഡിഗോ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടുന്നു. ഒക്‌ടോബറിൽ ദോഹ, ദുബായ്, റിയാദ് നഗരങ്ങളിലേക്ക് അധിക സർവീസ് തുടങ്ങും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒക്‌ടോബർ 30ന് ഹൈദരാബാദിൽ നിന്ന് നേരിട്ട് ദോഹയിലേക്കും സഊദി അറേബ്യയിലെ റിയാദിലേക്കും പുതിയ ഒരു സർവീസ് കൂടി തുടങ്ങും. മംഗളൂരിൽ നിന്ന് ദുബായിലേക്കുള്ള സർവീസ് ഒക്ടോബർ 31ന് ആരംഭിക്കും.
പുതിയ സർവീസ് കൂടി തുടങ്ങുന്നതോടെ ഹൈദരാബാദിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള സർവീസുകളുടെ എണ്ണം 3 ആകും. പുലർച്ചെ 2,00, രാവിലെ 8.00, രാത്രി 8.10 എന്നിങ്ങനെയാണ് ഹൈദരാബാദ്-ദോഹ നേരിട്ടുള്ള സർവീസുകൾ. ഹൈദരാബാദ്-ദോഹ കണക്‌ഷൻ സർവീസുകൾക്ക് പുറമെയാണിത്.
ആഴ്ചയിൽ തിങ്കൾ, ശനി ദിവസങ്ങളിൽ റിയാദ്-ഹൈദരാബാദ്, ഞായർ, വെള്ളി ദിവസങ്ങളിൽ ഹൈദരാബാദ്-റിയാദ് എന്നിങ്ങനെയാണ് സർവീസുകൾ. 31 മുതൽ ദുബായിലേക്കുള്ള അധിക സർവീസ് എല്ലാ ദിവസവും ഉണ്ടാകും.
ഇന്ത്യയ്ക്കും മിഡിൽ ഈസ്റ്റിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കുന്നതാണ് പുതിയ സർവീസുകൾ.
നവംബർ-ഡിസംബർ മാസങ്ങളിൽ ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളിൽ തിരക്കേറുമെന്നു മാത്രമല്ല ടിക്കറ്റ് നിരക്കും കുത്തനെ ഉയരും.




