വനിത അഭയകേന്ദ്രത്തിൽ പുരുഷൻമാർ സ്ത്രീകളെ മർദിക്കുന്ന വീഡിയോ പുറത്ത്, പ്രതിഷേധം ശക്തമായി; കടുത്ത നടപടികളിലേക്ക് നീങ്ങി സഊദി അറേബ്യ

0
12571

അബഹ: തെക്കൻ അസീർ മേഖലയിലെ ഖമീസ് മുഷൈത്തിൽ ഒരു അനാഥാലയത്തിലെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നതായി വ്യക്തമാക്കുന്ന വീഡിയോകൾ പുറത്ത് വന്നതോടെ, കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഇതേ തുടർന്ന് ശക്തമായ നടപടികൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കാനും കേസ് അധികാരികൾക്ക് കൈമാറാനും ഒരു കമ്മിറ്റി രൂപീകരിക്കാൻ അസീർ അമീർ പ്രിൻസ് തുർക്കി ബിൻ തലാൽ ബുധനാഴ്ച ഉത്തരവിട്ടതായി സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിൽ സംഭവത്തിൽ ഉൾപ്പെട്ട എല്ലാ കക്ഷികളെയും ഉൾപ്പെടുത്തണമെന്നും അമീർ നിർദേശിച്ചു.

അതേസമയം, പ്രചരിക്കുന്ന ഓൺലൈൻ വീഡിയോയുടെ ഉള്ളടക്കത്തിന്റെ ആധികാരികത അതിന്റെ ഇൻഫർമേഷൻ ക്രൈം വിഭാഗം പരിശോധിക്കാൻ തുടങ്ങിയതായി സഊദി പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതീവ ആശങ്കയോടെ വിഷയത്തിൽ തുടർനടപടികൾ തുടരുകയാണെന്നും സംഭവം പരിശോധിക്കാൻ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും സഊദി മനുഷ്യാവകാശ കമ്മീഷൻ (എച്ച്ആർസി) അറിയിച്ചു.

യുവതികൾക്കായുള്ള അനാഥാലയത്തിൽ നടന്ന സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്ന അസീർ അമീറിന്റെ ഉത്തരവ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി എച്ച്ആർസി സ്ഥിരീകരിച്ചു. ഖമീസ് മുശൈത്ത് വനിതാ അനാഥാലയത്തിലുണ്ടായ സംഭവം നിരീക്ഷിക്കാനും ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കാനും ദേശീയ മനുഷ്യാവകാശ സംഘടന പ്രസിഡന്റ് ഖാലിദ് അൽഫാഖിരി അസീർ പ്രവിശ്യ മനുഷ്യാവകാശ സംഘടനാ ശാഖയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ഫൂട്ടേജിൽ, പുരുഷന്മാർ കറുത്ത അബായ ധരിച്ച സ്ത്രീകളെ പിടിക്കുമ്പോൾ മറ്റുള്ളവർ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്നത് കാണാനാകും. ഇവർ സുരക്ഷാ ഉദ്യോഗസ്ഥരാണോ സർക്കാർ ജീവനക്കാരാണോയെന്ന് വ്യക്തമല്ല.

മറ്റ് ക്ലിപ്പുകളിൽ പുരുഷന്മാർ സ്ത്രീകളെ അനാഥാലയത്തിന് കുറുകെ പിന്തുടരുന്നതായി കാണിക്കുന്നു. എന്താണ് സംഭവത്തിലേക്ക് നയിച്ചതെന്നോ എപ്പോഴാണ് നടന്നതെന്നോ വ്യക്തമായിട്ടില്ല. വീഡിയോകളുടെ ആധികാരികതയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

“യുവതികൾക്കായുള്ള ഖമിസ് മുഷൈത്തിലെ ഒരു അനാഥാലയത്തിൽ സ്ത്രീകളെ ആക്രമിക്കുന്നു” എന്ന അടിക്കുറിപ്പോടെ പങ്കിട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് കണ്ടതും ചെയ്തതും.

വാർത്ത അവലംബം: സഊദി ഗസറ്റ്