സഊദിയിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നു; മലയാളികളടക്കം നാലു പേർ റിയാദിൽ പിടിയിലായി

0
3324

റിയാദ്: സഊദിയിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നു.മയക്ക്‌ മരുന്നുമായി മലയാളികളടക്കം നാലു പേർ റിയാദിൽ പിടിയിലായി. ബംഗളൂരുവിൽനിന്നെത്തിയ
ബാഗേജിൽ മയക്കുമരുന്ന് പാക്കറ്റുമായി എത്തിയ തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരനും പാക്കറ്റ് വാങ്ങാനെത്തിയ മൂന്നു മലയാളികളുമാണ് റിയാദ് പൊലീസ് പിടിയിലായത്.

ഡ്രൈഫ്രൂട്‌സ് ആണെന്ന് പറഞ്ഞ് ബംഗളൂരുവിൽനിന്ന് യാത്രക്കാരന്റെയടുത്ത് ഏജന്റ് കൊടുത്തുവിട്ട പാക്കലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

നേരത്തെ അബഹയിൽ ജോലി ചെയ്തിരുന്ന ഈ തമിഴ്‌നാട് സ്വദേശി ഫൈനൽ എക്‌സിറ്റിൽ പോയി പുതിയ വീസയിൽ വരുമ്പോഴാണ് എജന്റിന്റെ ചതിയിൽ പെട്ടത്. കഴിഞ്ഞാഴ്ചയാണ് സംഭവം. ടിക്കറ്റും പാസ്‌പോർട്ടും ബാംഗ്ലൂരിലെ ഓഫീസിലാണുള്ളതെന്നും അവിടെ പോയി അത് വാങ്ങി റിയാദിലേക്ക് പോയാൽ മതിയെന്നും വീസ ഏജന്റ് ഇദ്ദേഹത്തെ ധരിപ്പിച്ചു. തുടർന്ന് ഓഫീസിലെത്തിയ അദ്ദേഹത്തിന് ടിക്കറ്റും പാസ്‌പോർട്ടും നൽകിയപ്പോൾ ഡ്രൈഫ്രൂട്‌സ് എന്ന പേരിൽ ഒരു പാക്കറ്റും നൽകിയിരുന്നു. ഡ്രൈ ഫ്രൂട്‌സ് സ്വീകരിക്കാൻ റിയാദിൽ ആളെത്തുമെന്നും പറഞ്ഞു. റിയാദ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിലാണ് ഈ ഡ്രൈഫ്രൂട്‌സ്  ലഹരിമരുന്നാണെന്ന് വ്യക്തമായത്. ഉടൻ തന്നെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മയക്ക് മരുന്ന് സ്വീകരിക്കാനെത്തിയ പെരിന്തൽമണ്ണ സ്വദേശികളായ മൂന്നുപേരും പൊലീസ് പിടിയിലാകുകയായിരുന്നു.

അതേസമയം തമിഴ്‌നാട് സ്വദേശിയെ ഏജന്റ് വഞ്ചിച്ചതാണെന്നും ഇദ്ദേഹത്തെ മോചിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബം മദ്രാസ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു.

സൗദിയിൽ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തി. അൽഹസ ജയിലിൽ 20 പേരാണ് മയക്കുമരുന്ന് കേസിൽ പെട്ട് കഴിയുന്നത്. എല്ലാവരും ട്രക്ക് ഡ്രൈവര്‍മാരാണ്. ദുബായിൽ നിന്ന് ചരക്കുമായി എത്തുന്ന ട്രക്കുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയതിനാണ് ഇവരെല്ലാം പിടിയിലായിരിക്കുന്നത്. റിയാദ് ജയിലിൽ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട രണ്ട് ഇന്ത്യക്കാർക്ക് കഴിഞ്ഞ ദിവസം 30 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.