സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് മലയാളികളുടെ അപകട മരണം, ഞെട്ടൽ മാറാതെ പ്രവാസി സമൂഹം, വിശ്വാസ്യതയും കഠിനാധ്വാനവും മുതൽ കൂട്ടാക്കിയ സഹോദരങ്ങളുടെ ആകസ്മിക മരണം വിശ്വാസക്കാനാകാതെ സുഹൃത്തുക്കളും ഇടപാടുകാരും

0
6059

റിയാദ്: തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സഊദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളികളുടെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതരാകാതെ മലയാളി സമൂഹം. വേങ്ങര വെട്ടുതോടിലെ പരേതനായ കാപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെയും ആയിശുമ്മുവിന്റെയും മക്കളായ ജബ്ബാർ (44), അനുജൻ റഫീക് (41) എന്നിവരാണ് ആദ്യ അപകടത്തിൽ മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും വിശ്വാസ്യത കാത്ത് സൂക്ഷിക്കുന്നതിലും ഏറെ മുന്നിലായിരുന്നു മരണപ്പെട്ട സഹോദരങ്ങൾ എന്ന് ഇവരുടെ തൊഴിലിനിടയിൽ സ്ഥിരമായി ഇടപെടൽ നടത്തിയിരുന്നവർ സാക്ഷ്യപ്പെടുത്തുന്നു. യുവാക്കളായ ഇരുവരും വർഷങ്ങളായി ജിദ്ദയിൽ നിന്നും പലചരക്ക് സാധനങ്ങളെടുത്ത് ജിസാനിലും പരിസരങ്ങളിലും കടകളിൽ വിൽപ്പന നടത്തുന്നവരാണ്. ജിദ്ദയിലേയും ജിസാനിലേയും മലയാളികൾക്കിടയിൽ ഏറെ സുപരിചിതരായ ഇവരുടെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്.

അപകടത്തിൽ തകർന്ന ഡയന

വിശ്വാസ്യതയും കഠിനാധ്വാനവും മുതൽക്കൂട്ടായി കൊണ്ട് നടക്കുന്ന ഈ സഹോദരങ്ങൾ അവസാനമായി സാധനങ്ങളിറക്കി കൊടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് പ്രവാസികൾ പങ്കുവെക്കുന്നത്. ശനിയാഴ്ച രാത്രി ജിദ്ദയിൽനിന്ന് ജിസാനിലേക്ക് ഇവർ ജിസാനിലെ ബെയ്ഷിന് സമീപം മസ്‌ലിയയിലാണ് അപകടത്തിൽ മരിച്ചത്.

ജിദ്ദയിൽ നിന്ന് പലചരക്ക് സാധനങ്ങളുമായി ജിസാനിലേക്ക് പോയ ഇവരുടെ ഡയന വാഹനം ട്രെയ്‌ലറിന് പിറകിൽ ഇടിച്ചാണ് അപകടം. ഇരുവരുടെയും മൃതേദേഹം ബെയ്ഷിൽ തന്നെ മറവുചെയ്യുന്നതിനുള്ള നടപടികൾ തുടരുകയാണ്. ഇതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതൃത്വം നൽകുന്നുണ്ട്. ജബ്ബാറിന്റെ ഭാര്യ മാങ്ങോട്ടിൽ മൈമൂന. മകൻ: മുഹമ്മദ് ഷാനു (11). റഫീഖിന്റെ ഭാര്യ: പുള്ളാട്ടിൽ മറിയ. മക്കൾ: ലിൻഷ (15) 2. ദിൽഷ (12) റബീഹ് (7).

ഇവരിലുള്ള വിശ്വസത കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പലരും ഇവരുടെ പക്കൽ അവരുടെ കടയുടെ കൊടുത്തേൽപ്പിക്കുകയും കടയിൽ ആരും ഇല്ലാത്ത സമയത്താണെങ്കിൽ ഇവർ തന്നെ കടകൾ തുറന്ന് സാധനങ്ങൾ ഇറക്കി കണക്കുകൾ കൈമാറി അവിടെ സൂക്ഷിച്ച പണം എടുക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ വരെ കടക്കാർ ഇവർക്ക് അനുവാദം നൽകിയിരുന്നു. അത്രമാത്രം വിശ്വസ്തരായിരുന്നു ഈ സഹോദരങ്ങൾ.

അവസാനമായി കടയിലേക്ക് സാധനങ്ങൾ ഇറക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ഞായറാഴ്ച ഉച്ചക്ക് സാധനങ്ങളിറക്കാൻ ഒരു കടയിലെത്തിയപ്പോൾ കട അടച്ചിരുന്നു. പതിവുപോലെ കട തുറന്ന് അവർ സാധനങ്ങളിറക്കി. അവിടെ നിന്നും അടുത്ത കടയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ഇടിയുടെ അഘാതത്തിൽ ഇവരുടെ വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. പൊലീസും ആംബുലൻസും എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

എന്നാൽ ആശുപത്രിയിലെ ഒരു മലയാളി നഴ്സാണ് ഇവരുടെ ഇഖാമ ഫോട്ടോ എടുത്ത് സാമൂഹിക പ്രവർത്തകരെ അറിയിച്ചതോടെയാണ് മണിക്കൂറുകൾക്ക് ശേഷം ഇവരുടെ അപകട വിവരം പുറത്തറിയുന്നത്.  ഏകദേശം 10 മാസങ്ങൾക്ക് മുമ്പാണ് ഇരുവരും അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. ഇവരുടെ മറ്റു രണ്ട് സഹോദരങ്ങൾ ഇപ്പോൾ അവധിക്ക് നാട്ടിലേക്ക് പോയിരിക്കുകയാണ്. മരണപ്പെട്ട ഒരാളുടെ ഭാര്യ ഗർഭിണിയാണ്. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

സഹോദരങ്ങളുടെ അപകട മരണം കേട്ട് ഞെട്ടൽ മാറുന്നതിന് മുമ്പാണ് ജിസാനിൽ തന്നെ മറ്റൊരു മലായാളി കൂടി വാഹനപകടത്തിൽ മരണപ്പെട്ടതായി വാർത്ത പുറത്തു വന്നത്. ദുഃഖം തളം കെട്ടി നിന്ന മലയാളി മനസിലേക്ക് കൂടുതൽ ദുഃഖം സമ്മാനിച്ചാണ് ഈ ദുരന്ത വാർത്ത എത്തിയത്.

മലപ്പുറം താനൂർ മൂലക്കൽ സ്വദേശി ഷുക്കൂറിൻ്റെ മകൻ ഷെറിൻ ബാബുവാണ് മരിച്ച മൂന്നാമത്തെയാൾ. തിങ്കളാഴ്ച ഖമീസ് മുഷൈത്തിൽ നിന്ന് ബിഷയിലേക്ക് പോകുന്ന വഴിയിൽ വെച്ചായിരുന്നു അപകടം. ഇദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ചിരുന്ന വിജയൻ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് കാലത്ത് നാട്ടിൽ കുടുങ്ങി വിസയും ജോലിയും നഷ്ടപ്പെട്ട ഷറിൻ ബാബു ഈയിടെയാണ് മറ്റൊരു വിസയിൽ ഖമീസ് മുശൈത്തിൽ തിരിച്ചെത്തിയത്. ഷെറിൻ ബാബുവിൻ്റെ പിതാവ് ഷുക്കൂറും നേരത്തെ ഖമീസ് മുഷൈത്തിൽ ജോലി ചെയ്തിരുന്നു.

പ്രവാസികൾ വേദനയോടെ പങ്ക് വെക്കുന്ന വീഡിയോ