ലഗേജില്‍ കഞ്ചാവും മയക്കുമരുന്നും മദ്യവും; വിമാനത്താവളത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

0
2325

കുവൈത്ത് സിറ്റി: കഞ്ചാവും മയക്കുമരുന്നും മദ്യവും കടത്താന്‍ ശ്രമിച്ച അഞ്ച് പേരെ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്‍തതായി കസ്റ്റംസ് അറിയിച്ചു. വ്യത്യസ്‍ത സംഭവങ്ങളിലായാണ് ഇവര്‍ പിടിയിലായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിവിധ വിമാനങ്ങളില്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോഴാണ് നിരോധിത വസ്‍തുക്കള്‍ കൈവശമുണ്ടായിരുന്ന അഞ്ച് പേര്‍ പിടിയിലായത്.

40 ലഹരി ഗുളികകള്‍, എട്ട് പീസ് ഹാഷിഷ്, ഹാഷിഷ് സിഗിരറ്റുകള്‍, കഞ്ചാവ്, വിവിധ അളവില്‍ മദ്യം സൂക്ഷിച്ച ബോട്ടിലുകള്‍, മയക്കുമരുന്ന് അടങ്ങിയ ചോക്കലേറ്റുകള്‍ തുടങ്ങിയവയാണ് കസ്റ്റംസ് പരിശോധനയില്‍ പിടികൂടിയത്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.

അറസ്റ്റിലായവര്‍ക്കെതിരായ തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.

ഖത്തറിലും ലഹരിമരുന്ന് കടത്താനുള്ള ശ്രമം കഴിഞ്ഞ ദിവസം അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍തോതിലുള്ള ലഹരി ഗുളികകളാണ് ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‍സ് വിഭാഗം അധികൃതര്‍ പിടിച്ചെടുത്തത്.

81,568 ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് ആകെ 13.25 കിലോഗ്രാം ഭാരമുണ്ട്. ലൈറ്റിങ് ഉപകരണത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ലഹരി ഗുളികകള്‍ കടത്തിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കളും പ്രതിയെയും തുടര്‍ നിയമ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിലെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി.