റിയാദ്: സഊദിയിൽ നിന്ന് ഫൈനൽ എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങിയ ശേഷം പുതിയ വിസയിൽ വീണ്ടും സഊദി അറേബ്യയിലേക്ക് വരുന്നവർക്ക് പഴയ ഡ്രൈവിങ് ലൈസൻസിന് പകരം പുതിയത് നേടാനാകുമെന്ന് ട്രാഫിക് വിഭാഗം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പഴയ ഡ്രൈവിങ് ലൈസൻസ് നൽകി പകരം പുതിയ ഐ.ഡി നമ്പറിൽ ലൈസൻസ് നൽകുന്നതിന് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ട്രാഫിക് ഓഫീസിലെത്തി പഴയ ലൈസൻസ് പുതിയ ഇഖാമ നമ്പറിൽ തരണമെന്ന് അപേക്ഷ നൽകിയാൽ മതിയാകും. ഫൈനൽ എക്‌സിറ്റിൽ പോയവരുടെ ലൈസൻസ് കാലാവധി കഴിഞ്ഞാലും ഇങ്ങനെ മാറ്റിയെടുക്കാനാകും. കാലാവധി കഴിഞ്ഞതിനു ആവശ്യമായ ഫീസ് അടക്കുകയും വൈദ്യപരിശോധന റിപ്പോർട്ട് സഹിതം അപേക്ഷ സമർപ്പിക്കുകയും വേണമെന്ന് മാത്രം.
അതേസമയം, വിസിറ്റ് വിസയിൽ സഊദി അറേബ്യയിലേക്ക് വരുന്ന ഒരു പ്രവാസിക്ക് സാധുതയുള്ള അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ സഊദിയിൽ വാഹനം ഓടിക്കാനാകും. എന്നാൽ, ഒരു വർഷത്തിനകം ലൈസൻസ് കാലാവധി കഴിഞ്ഞാൽ ഇത് അനുവദിനീയമല്ല.
മയക്കുമരുന്ന് ഉപയോഗത്തിനോ അവ കൈവശം വയ്ക്കലിനോ ശിക്ഷിക്കപ്പെട്ടവർക്ക് സഊദിയിൽ ലൈസൻസ് അനുവദിക്കില്ല. വാഹനമോടിക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്തുന്ന രോഗങ്ങൾ, വൈകല്യങ്ങൾ എന്നിവയുള്ളവർക്കും ലൈസൻസിന് അപേക്ഷിക്കാനാവില്ലെന്നും ട്രാഫിക് ജനറൽ ഡയറക്ട്രേറ്റ് അറിയിച്ചു.