സഊദിയിൽ തൊഴിലാളികൾക്ക് ക്രാഫ്റ്റ് ലൈസൻസ് നിർബന്ധമാക്കി, അടുത്ത ജൂൺ മുതൽ പ്രാബല്യത്തിൽ

0
6441

റിയാദ്: സഊദിയിൽ ചില വാണിജ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുവാൻ തൊഴിലാളികൾക്ക് ക്രാഫ്റ്റ് ലൈസൻസ് നിർബന്ധമാക്കി. മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 ജൂൺ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുനിസിപ്പൽ മേഖലയുടെ മേൽനോട്ടത്തിലുള്ള ക്രാഫ്റ്റ് പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നതിനും, കരകൗശല വസ്തുക്കളുടെ നിർമ്മാണം, വിൽപ്പന, സേവനം എന്നിവ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും തൊഴിലാളികൾക്ക് ക്രാഫ്റ്റ് ലൈസൻസ് നിർബന്ധമാകും.

ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിലെ പ്രൊഫഷണൽ എക്‌സാമിനേഷൻ പ്രോഗ്രാമിന്റെ സഹകരണത്തോടെയാണ് ക്രാഫ്റ്റ് ലൈസൻസ് നടപ്പിലാക്കുക. ലൈസൻസ് നൽകുന്ന പ്രക്രിയ നടപ്പിലാക്കുന്നതിലൂടെ സ്വകാര്യ മേഖലയുടെ പങ്ക് ശാക്തീകരിക്കുകയും, നിക്ഷേപകരുടെ ജോലി സുഗമമാക്കുകയും ചെയ്യും. ഇത് രാജ്യത്തെ തമാസക്കാരുടേയും സന്ദർശകരുടേയും ജീവിത നിലവാരം ഉയർത്താൻ സഹായകരമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

‘ബലദി’ പ്ലാറ്റ്ഫോം വഴി സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസ് നേടുവാനും, പുതുക്കുവാനും ചില മുനിസിപ്പൽ ജോലികൾക്ക് ക്രാഫ്റ്റ് ലൈസൻസ് നിർബന്ധമാകും. കുറഞ്ഞത് ഒരു പ്രൊഫഷണൽ ലൈസൻസുള്ള തൊഴിലാളിയുള്ള സ്ഥാപനത്തിന് മാത്രമേ ബലാദി പ്ലാറ്റ്ഫോം വഴി ലൈസൻസ് പുതുക്കുവാൻ സാധിക്കുകയുള്ളൂ.

തൊഴിലാളികൾക്ക് ലൈസൻസ് നൽകുന്നതിൽ കാലതാമസം വരുത്തരുതെന്നും വേഗത്തിലാക്കണമെന്നും സ്ഥാപന ഉടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സ്ഥാപനത്തിൻ്റെ വാണിജ്യ ലൈസൻസുകൾ പുതുക്കുന്നതിനും അനുവദിക്കുന്നതിനും ഇത് നിർബന്ധമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

ജോലി കാര്യക്ഷമമായി നിർവഹിക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ യോഗ്യതയും, മുൻപരിചയവും, വൈദഗ്ധ്യവും പരിശോധിക്കും. ഗുണനിലവാരവും വൈദഗ്ധ്യവുമുള്ള പ്രൊഫഷണൽ സേവനങ്ങൾ നൽകുകയും ഗുണഭോക്താക്കൾക്ക് സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും. ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുകയും ചെയ്യേണ്ടതാണ്.