ദമാം: വിമാനത്തിൽ രണ്ട് യാത്രക്കാർക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് രക്ഷയായി മലയാളി നഴ്സ്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും കിഴക്കൻ സഊദിയിലെ ദമാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് സംഭവം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ട് യാത്രക്കാർക്ക് വ്യത്യസ്ത സമയങ്ങളിലായി ദേഹ അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് വിമാന ജീവനക്കാർ വിമാനത്തിൽ ഉള്ള നഴ്സിന്റെ സഹായം തേടുകയായിരുന്നു. ദമാം ടൊയോട്ടയിലെ ദാറുസ്വിഹ മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുന്ന മലപ്പുറം മങ്കട പ്രീണ മോൾ ആണ് യാത്രക്കാർക്ക് ആശ്വാസമായി കൃത്യ സമയത്ത് ഇടപെട്ടത്.
കോഴിക്കോട് നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ എക്സ് 381 വിമാനത്തിലാണ് സംഭവം. വിമാനം ഉയർന്ന് ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് ആദ്യ യാത്രക്കാരൻ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചത്. ഉടൻ തന്നെ വിമാന ജീവനക്കാർ വിമാനത്തിൽ ഡോക്ടർമാർ ഉണ്ടോയെന്ന അന്വേഷണം നടത്തി.
ഡോക്ടർമാരുടെ സാന്നിധ്യം ഇല്ലാതായതോടെ നാഴ്‌സുമാരുടെ സാന്നിധ്യം അന്വേഷിക്കുകയും പ്രമീള മോൾ മുന്നോട്ട് വരികയുമായിരുന്നു. നെഞ്ച് വേദന മൂലം പ്രയാസപ്പെട്ട ഇദ്ദേഹത്തിന് വേണ്ട പ്രാഥമിക ചികിത്സ ഇവർ നൽകി. എയർ ഹോസ്റ്റസിന്റെ സഹായത്തോടെ ഒക്സിജൻ നൽകുകയും മറ്റു ഫസ്റ്റ് എയ്ഡ് ചികിത്സ നൽകുകയും ചെയ്തു.
ഏറെക്കുറെ സമാധാനം കൈവരിച്ചതോടെ തന്റെ സീറ്റിൽ വന്നിരുന്നു ഏകദേശം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ മറ്റൊരു യാത്രക്കാരനും ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതായി അറിയിപ്പ് വന്നു. വീണ്ടും വിമാന ജീവനക്കാർ ഇവരുടെ സഹായം തേടുകയായിരുന്നു. ഷുഗർ രോഗിയായ അദേഹത്തിന്റെ അവസ്ഥ മനസിലാക്കിയ നഴ്സ് വേണ്ട നടപടികൾ കൈകൊള്ളുകയും പ്രാഥമിക ചികിത്സ നൽകി ഇവരെ ശരിയായ ആരോഗ്യ അവസ്ഥയിലേക്ക് തിരികെ എത്തിക്കുകയുമായിരുന്നു.
രണ്ട് രോഗികളും ദമാമിൽ ഇറങ്ങുന്ന അവസരത്തിൽ പൂർണ്ണ ആരോഗ്യം കൈവരിച്ചിരുന്നു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത സന്ദർഭം ആയിരുന്നു ഇതെന്നും രണ്ട് പേർക്ക് ആകാശത്ത് വെച്ച് തന്നാൽ കഴിയുന്ന പ്രാഥമിക ചികിത്സ നൽകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും പ്രീണ മോൾ മലയാളം പ്രസിനോട് അനുഭവം പങ്കുവെച്ചു വിവരിച്ചു. 14 വർഷമായി സഊദിയിൽ നഴ്സ് ആയി ജോലി ചെയ്തു വരുന്ന പ്രീണ മോൾ നിലവിൽ 2013 മുതൽ ദമാം ദാറുസ്വിഹ മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്ത് വരികയാണ്.
നേരത്തെ, അൽ റബീഹ് മെഡിക്കൽ സെന്ററിലും ജോലി ചെയ്തിരുന്നു. വാര്യത്തൊടി സക്കീർ ഹുസൈൻ ആണ് ഭർത്താവ്. വിദ്യാർത്ഥികളായ സ്വാലിഹ, മുഹമ്മദ് റിസ്‌വാൻ, സുഹ മറിയം എന്നിവർ മക്കളാണ്.




