ജയിലുകൾ, തടങ്കൽ കേന്ദ്രങ്ങൾ എന്നിവയുടെ മേൽനോട്ടങ്ങൾക്കായി നടപടിക്രമ ഗൈഡ് സഊദി അറേബ്യ പുറത്തിറക്കി

0
934

റിയാദ്: ജയിലുകളുടെയും തടങ്കൽ കേന്ദ്രങ്ങളുടെയും മേൽനോട്ടം വഹിക്കുന്നതിനുള്ള പബ്ലിക് പ്രോസിക്യൂഷന്റെ നടപടിക്രമ ഗൈഡ് സഊദി അറ്റോർണി ജനറൽ ഷെയ്ഖ് സഊദ് അൽ മുഅജബ് പുറത്തിറക്കി. ക്രിമിനൽ വിധികളുടെ നിർവ്വഹണത്തിന് മേൽനോട്ടം വഹിക്കുന്നതിനും ജയിലുകളുടെയും തടങ്കൽ കേന്ദ്രങ്ങളുടെയും നിരീക്ഷണവും പരിശോധനയും സംബന്ധിച്ച നടപടിക്രമങ്ങൾ ഗൈഡിൽ അടങ്ങിയിരിക്കുന്നു. അസീർ മേഖലയിൽ നടന്ന പബ്ലിക് പ്രോസിക്യൂഷൻ മേഖലാ മേധാവികളുടെ വാർഷിക യോഗത്തിൽ ഡെപ്യൂട്ടി അറ്റോർണി ജനറൽ ഷെയ്ഖ് ശലാൻ ബിൻ രാജ്‌ഹി അൽ ശലാന്റെ സാന്നിധ്യത്തിലായിരുന്നു ലോഞ്ചിംഗ് ചടങ്ങ്.

ഗൈഡിന്റെ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കണമെന്നും ക്രിമിനൽ വിധികൾ നടപ്പിലാക്കുന്നതിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നതിന് ജുഡീഷ്യൽ നടപടിക്രമങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തടവുകാരെ സംബന്ധിക്കുന്ന പ്രോസിക്യൂഷൻ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കണമെന്നും നിയമാനുസൃതമായി അവരുടെ കേസുകളുടെ കോടതി നടപടികൾ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. തടവുകാർക്ക് പ്രത്യേക പരിഗണന നൽകണമെന്നും ഇക്കാര്യത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജയിൽ നിയന്ത്രണത്തിനും ശിക്ഷാ നിർവ്വഹണത്തിനും വേണ്ടിയുള്ള അസിസ്റ്റന്റ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ഷെയ്ഖ് ഫഹദ് അൽ-റഷൂദ് ഈ ഗൈഡ് തയ്യാറാക്കുന്നതിന്റെ മെക്കാനിസത്തെക്കുറിച്ചും നിയമനിർമ്മാണ ഘട്ടങ്ങളെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ നടപടിക്രമ അനുഭവങ്ങളെക്കുറിച്ചും വിശദീകരിച്ചു.

സ്വത്തുക്കൾ, വസ്തുവകകൾ, സാമ്പത്തിക മൂല്യങ്ങൾ, മറ്റ് പിടിച്ചെടുക്കൽ എന്നിവയുടെ ജുഡീഷ്യൽ സംരക്ഷണം ഉറപ്പാക്കുന്നതിന്, പിടിച്ചെടുത്ത വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലെ ജുഡീഷ്യൽ പരിശോധന നിരീക്ഷിക്കുന്നതിൽ സംഘടിത ജുഡീഷ്യൽ നടപടിക്രമങ്ങൾ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പബ്ലിക് പ്രോസിക്യൂഷൻ ജുഡീഷ്യൽ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിരവധി നടപടിക്രമ ഗൈഡുകൾ അടുത്തിടെ പുറത്തിറക്കിട്ടുണ്ട്. ഇതിൽ പബ്ലിക് പ്രോസിക്യൂഷന്റെ നിർദ്ദേശങ്ങളുടെ മാനുവലും പബ്ലിക് പ്രോസിക്യൂഷന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഗൈഡും, പ്രോസിക്യൂഷൻ നടപടിക്രമങ്ങളുടെ ആനുകാലിക അവലോകനങ്ങളും സംവിധാനങ്ങളും ഉൾപ്പെടുന്നു.