സഊദിയിൽ ബിനാമി സ്ഥാപനങ്ങളിൽ പരിശോധന വീണ്ടും ശക്തമാക്കി, ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഓടി രക്ഷപെട്ട് പ്രവാസികൾ, വിജനമായി ഷോപ്പിംഗ് കേന്ദ്രങ്ങൾ – വീഡിയോ

0
6278

റിയാദ്: സഊദിയിൽ ബിനാമി സ്ഥാപനങ്ങൾ കണ്ടെത്താൻ പരിശോധന വീണ്ടും ശക്തമാക്കി. വാണിജ്യ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ബിനാമി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിനാമി സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ദേശീയ പദ്ധതിയുടെ ഭാഗമായ സൂപ്പർവൈസറി അതോറിറ്റി റിയാദിൽ നടത്തിയ പരിശോധനയിലാണ് ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തിയത്. ബിനാമി സ്ഥാപനങ്ങൾ പിന്നീട് അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തു. മറ്റു തുടർ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

പരിശോധനക്ക് ഉദ്യോഗസ്ഥർ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ചില സ്ഥാപനയുടമകൾ കടയടച്ച് രക്ഷപ്പെട്ടപ്പോൾ മറ്റു ചിലർ കടകൾ അടക്കാൻ പോലും നിൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ചില വാണിജ്യ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ ആളനക്കം ഇല്ലാതെ വിജനമായി മാറിയിരുന്നു.

പരിശോധനക്കിടയിൽ ഒരു ഷോപ്പിൽ രഹസ്യ വെയർ ഹൗസും മറ്റു ഔദ്യോഗിക സീൽ ഉള്ള രേഖകളും ബാങ്ക് കാർഡും പിടിച്ചെടുത്തു. ഒരു കടയിലെ ഒരു സ്ത്രീ തൊഴിലാളി തന്റെ മാസ ശമ്പളം വിതരണം ചെയ്യുന്നതും സാധനങ്ങൾ വാങ്ങുന്നതും വിൽപ്പനയിൽ നിന്നുള്ള വരുമാനം സ്വീകരിക്കുന്നതും ഒരു വിദേശിയാണെന്ന് പരിശോധകരോട് പറഞ്ഞു.

അതേസമയം സ്വദേശി പൗരൻ ആഴ്ചയിൽ രണ്ടുതവണ വന്ന് കടയിൽ നിന്ന് സാധനങ്ങൾ എടുത്ത് കൊണ്ട് പോകുമെന്നും സ്ത്രീ പറഞ്ഞു.

ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ രാജ്യത്ത് തുടരുകയാണ്. ഏതാനും മാസങ്ങൾക്കു മുമ്പ് സ്ഥാപന ഉടമസ്ഥാവകാശം ശരിയാക്കാൻ വാണിജ്യ മന്ത്രാലയം സാവകാശം നൽകിയിരുന്നു. പദവി ശരിയാക്കാൻ നൽകിയ സമയ പരിധിക്കുള്ളിൽ നിരവധി പ്രവാസികൾ പദവി ശരിയാക്കിയെങ്കിലും ഇപ്പോഴും പലരും ബിനാമി സ്ഥാപനം ആയാണ് നടത്തുന്നതെന്നാണ് പരിശോധനയിൽ വ്യക്തമാകുന്നത്. കടുത്ത ശിക്ഷയാണ് ബിനാമി ബിസിനസ് നടത്തുന്നവർക്കും കൂട്ട് നിൽക്കുന്നവർക്കും നൽകുക.

വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട ബിനാമി പരിശോധന വീഡിയോ കാണാം👇