ദുബൈ: വാക്കുപാലിച്ച് ശൈഖ് ഹംദാന്‍, സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഡെലിവറി ബോയിയെ നേരില്‍ കണ്ടു. പാകിസ്ഥാന്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂറിനാണ് ദുബൈ കിരീടാവകാശിയെ നേരില്‍ കാണാന്‍ അവസരം ലഭിച്ചത്.
‘അബ്ദുല്‍ ഗഫൂറിനെ കണ്ടതില്‍ സന്തോഷമുണ്ട്. പിന്തുടരേണ്ട ഒരു യഥാര്‍ത്ഥ മാതൃക’ എന്ന കുറിപ്പോടെയാണ് ശൈഖ് ഹംദാന്‍ ഇവര്‍ ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ദുബൈയില്‍ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന അദ്ദേഹം ഒരു ദിവസം ജോലിക്കിടെ റോഡില്‍ അപകടകരമായ രീതിയില്‍ കണ്ട രണ്ട് കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റിയ വീഡിയോ വൈറലായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ശൈഖ് ഹംദാന്‍ അബ്ദുല്‍ ഗഫൂറിനെ വിളിച്ച് അഭിനന്ദിക്കുകയും നേരില്‍ കാണാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. യുകെയില്‍ ആയിരുന്ന ശൈഖ് ഹംദാന്‍ തിരികെ എത്തിയ ഉടന്‍ ആദ്യം പാലിച്ചതും അബ്ദുല്‍ ഗഫൂറിന് നല്‍കിയ വാക്കായിരുന്നു.
An honor to meet you Abdul Ghafoor, a true example to be followed. pic.twitter.com/eRQ0nuYAZF
— Hamdan bin Mohammed (@HamdanMohammed) August 11, 2022
തിരക്കേറിയ അല്‍ഖൂസ് ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്. ട്രാഫിക് സിഗ്നലില്‍ നില്‍ക്കുമ്പോഴാണ് തൊട്ടു മുന്നില്‍ രണ്ട് കോണ്‍ക്രീറ്റ് കട്ടകള്‍ വീണുകിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. മറ്റ് വാഹനങ്ങള്‍ അതില്‍ കയറി അപകടമുണ്ടാകുമെന്ന് മനസിലാക്കിയ അദ്ദേഹം ബൈക്കില്‍ നിന്നിറങ്ങി സിഗ്നലില്‍ വാഹനങ്ങള്‍ പോയിത്തീരുന്നത് വരെ കാത്തിരിക്കുകയും തുടര്‍ന്ന് കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റുകയുമായിരുന്നു. തന്റെ ജോലിത്തിരക്കിനിടയിലും ഒരു നല്ല പ്രവൃത്തിക്കായി സമയം മാറ്റിവെച്ച ഡെലിവറി ബോയിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ദൃശ്യം ദുബൈ കിരീടാവകാശിയുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
വീഡിയോ വൈറലായതോടെ അബ്ദുല്‍ ഗഫൂറിന് അദ്ദേഹം ജോലി ചെയ്യുന്ന ‘തലാബത്ത്’ കമ്പനി, നാട്ടില്‍ പോയി കുടുംബത്തെ സന്ദര്‍ശിക്കാനുള്ള വിമാനടിക്കറ്റ് നല്‍കി. എന്നാല്‍ തന്നെ നേരില്‍ കാണാമെന്ന് ശൈഖ് ഹംദാന്‍ ഉറപ്പു നല്‍കിയതിനാല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷമേ ഇനി നാട്ടിലേക്ക് മടങ്ങൂ എന്നാണ് അബ്ദുല്‍ ഗഫൂര്‍ പറഞ്ഞത്. ഒരു സാധാരണക്കാരനായ തന്നോട് ശൈഖ് ഹംദാന്‍ സംസാരിച്ചെന്നത് ഇപ്പോഴും വിശ്വസിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം ഒരു മികച്ച നേതാവാണെന്നും അബ്ദുല്‍ ഗഫൂര്‍ പ്രതികരിച്ചു.