ദുബൈ: ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ, ഇന്ത്യയിലെ ഏറ്റവും മികച്ച ഫുള്‍ സര്‍വീസ് കാരിയറായ ‘വിസ്താര’ എയർ സഊദി അറേബ്യന്‍ വാണിജ്യ നഗരമായ ജിദ്ദക്കും ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈക്കുമിടക്ക് നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉദ്ഘാടന വിമാനം ആഗസ്റ്റ് രണ്ടിന് വൈകീട്ട് 6.05 ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് 8.50 ന് ജിദ്ദയില്‍ ഇറങ്ങി. എയര്‍ബസ് എ 320 നിയോ വിമാനമാണ് സര്‍വീസ് നടത്തുന്നത്. ഇരു നഗരങ്ങള്‍ക്കുമിടയില്‍ എയര്‍ലൈന്‍ ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് തവണ പറക്കുന്നുണ്ട്.
‘ജിദ്ദയിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ വളര്‍ന്നു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ശൃംഖലയിലേക്ക് സഊദിയെ ചേര്‍ക്കാന്‍ സാധിച്ചതിലും സന്തുഷ്ടരാണ്. സഊദി അറേബ്യയിലെ ഭാവി പദ്ധതികളുടെ ബാഹുല്യം, ഇന്ത്യയുമായുള്ള ശക്തമായ വ്യാപാര ബന്ധങ്ങള്‍, ഇന്ത്യന്‍ പ്രവാസികളുടെ വമ്പിച്ച സാന്നിധ്യം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍, ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ട്രാഫിക്കാണുള്ളത്. ഈ റൂട്ടില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച എയര്‍ലൈനായ വിസ്താരയെ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായതില്‍ യാത്രക്കാര്‍ ഞങ്ങളെ അഭിനന്ദിക്കുമെന്ന് ഉറപ്പുണ്ട്’- പുതിയ അന്താരാഷ്ട്ര റൂട്ടിന്റെ സമാരംഭത്തെ കുറിച്ച് വിസ്താര ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു.
മുംബൈ-ജിദ്ദ വിമാന ഷെഡ്യൂള്‍
സെക്ടര്‍, ഫ്ളൈറ്റ് നമ്പര്‍, പ്രവര്‍ത്തന ദിവസങ്ങള്‍, പുറപ്പെടല്‍, വരവ് എന്നിവ യഥാക്രമം:
മുംബൈ– ജിദ്ദ (യു കെ 235), ചൊവ്വ, വ്യാഴം, ശനി, വൈകുന്നേരം 6.05 – രാത്രി 8.50.
ജിദ്ദ – മുംബൈ (യു കെ 236), ചൊവ്വ, വ്യാഴം, ശനി, രാത്രി 9.50 – തൊട്ടടുത്ത ദിവസം രാവിലെ 5.30. ജിദ്ദയില്‍ നിന്ന് മുംബൈയിലേക്കുള്ള ആദ്യ വിമാനം ഇന്ന് പറക്കും.
സ്കൈട്രാക്സ്, ട്രിപ് അഡൈ്വസര്‍ എന്നിവയില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള എയര്‍ലൈനാണ് വിസ്താര. കൂടാതെ, ക്യാബിന്‍ ശുചിത്വത്തില്‍ ലോകോത്തര ഖ്യാതിയുള്ള വിസ്താര ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിനും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. നിരവധി മികച്ച എയര്‍ലൈന്‍ പുരസ്‌കാരങ്ങളും വിസ്താരയെ തേടി എത്തിയിരിക്കുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഏഴ് വര്‍ഷത്തിനുള്ളില്‍ വിസ്താര രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട എയര്‍ലൈനായി.
ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിലെ പ്രവര്‍ത്തനങ്ങളുടെയും സേവന നിലവാരത്തിന്റെയും പരിധികള്‍ ഉയര്‍ത്തി, അടുത്തിടെ 35 ദശലക്ഷം യാത്രക്കാരെ പറക്കുന്ന നാഴികക്കല്ലും വിസ്താര പിന്നിട്ടു.
നിലവിൽ മുംബൈ – ജിദ്ദ സെക്റ്ററിൽ ആണ് സർവ്വീസുകൾ എങ്കിലും കൂടുതൽ സഊദി ഇന്ത്യൻ നഗരികളിലേക്ക് സർവ്വീസുകൾ ആരംഭിക്കുമെന്നാണ് സൂചന.




