മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ്കർമം പൂർത്തിയാക്കി മുഴുവൻ മലയാളി ഹാജിമാരും മക്കയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാരും മക്കയിൽ നിന്ന് നാട്ടിലേക്കുള്ള അവരുടെ യാത്രയുടെ അന്തിമ ഒരുക്കത്തിലാണ്. ഇതോടെ മക്ക ഉംറ തീർഥാടകരുടെ തിരക്കിലേക്കമർന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മക്കയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് യാത്രയായ അവസാന തീർഥാടക സംഘത്തിന് മക്ക കെ.എം.സി.സി യാത്രയയപ്പ് നൽകി. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി വന്ന 304 അംഗ സംഘത്തിനാണ് യാത്രയയപ്പ് നൽകിയത്. നെടുമ്പാശ്ശേരിയിൽ നിന്ന് 21ാ മത്തെ വിമാന സർവിസിൽ എത്തിയതായിരുന്നു ഈ സംഘം. ഞായറാഴ്ച രാവിലെ എട്ടിന് ബിൽഡിങ് നമ്പർ 205ൽനിന്നാണ് സംഘം യാത്രതിരിച്ചത്.

കേരള വളന്റിയർ ക്യാപ്റ്റൻ പി.കെ. മുഹമ്മദ് ഷഫീഖ് വളന്റിയർമാരായ മുഹമ്മദ് റഊഫ്, മുഹമ്മദ് ഫാരിസ്, തമിഴ്നാട് വനിത വളന്റിയർ നിജാമ എന്നിവർ യാത്രയിൽ കൂടെയുണ്ട്.
യാത്രയയപ്പ് സംഗമത്തിന് മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ട്രഷറർ സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞകുളം, കേരള ഹജ്ജ് കമ്മിറ്റി മെംബർ ഡോ: ഐ.പി. അബ്ദുസലാം എന്നിവരും മക്ക കെ.എം.സി.സിയുടെ വളന്റിയർമാരും നേതൃത്വം നൽകി.