കേരളത്തിലെ മങ്കിപോക്സ് മരണം: യുവാവിന് യുഎഇയില്‍ നിന്ന് വിമാനയാത്രാനുമതി ലഭിച്ചതെങ്ങനെ? അന്വേഷിച്ച് കേന്ദ്രം

ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ നടപടികൾ കർശനമാക്കിയേക്കും

0
1779

ന്യൂഡൽഹി: തൃശ്ശൂരില്‍ മങ്കിപോക്സ് ബാധിച്ച് മരിച്ച യുവാവിന് യുഎയില്‍ നിന്ന് വിമാനയാത്രാനുമതി ലഭിച്ചതെങ്ങനയെന്ന് അന്വേഷിച്ച് കേന്ദ്രം. രോഗിക്ക് യാത്രാനുമതി ലഭ്യമായതെങ്ങനെ എന്ന വിവരത്തിനായി കേന്ദ്രം യുഎഇ അധികൃതരുമായി ബന്ധപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രോഗി അസുഖവിവരം അധികൃതരെ അറിയിച്ചില്ലെന്നാണ് പ്രാഥമിക വിവരം. രോഗ വിവരം അറിയിക്കാത്തത് ഗുരുതര വീഴ്ചയെന്നാണ് കേന്ദ്രത്തിന്‍റെ പ്രതികരണം.

ഇത്തരമൊരു സാഹചര്യം ഗുരുതരമാണെന്ന് കരുതുന്ന കേന്ദ്ര സർക്കാർ ഗൾഫിൽ നിന്ന് വരുന്നവർക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയൊക്കിയൊക്കുമെന്നാണ് സൂചനകൾ.

രാജ്യത്തെ ആദ്യ മങ്കി പോക്സ് മരണത്തില്‍  ജാഗ്രതയിലാണ് കേന്ദ്രം. വ്യാപനം നിരീക്ഷിക്കാനും രോഗ നിർണയത്തിൽ കേന്ദ്രത്തിന് മാർഗനിർദേശം നൽകാനും ദൗത്യ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രാജ്യത്ത് മങ്കിപോക്‌സിനുള്ള പരിശോധനാ സൗകര്യങ്ങൾ കൂട്ടാനുള്ള നീക്കവും ആരോഗ്യമന്ത്രാലയം തുടങ്ങി.

കേരളത്തിലെ മങ്കിപോക്സ് ബാധിതരായ രണ്ട് പേരുടെ സ്രവസാമ്പിള്‍ പരിശോധിച്ചതില്‍ എ.2 വകഭദമാണ് സ്ഥിരീകരിച്ചത്. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്ത ബി വണ്‍ വകഭേദത്തേക്കാള്‍ തീവ്രത കുറവാണെന്ന കണ്ടെത്തല്‍ ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍ തൃശ്ശൂരില്‍ മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രാലയം കൂടുതല്‍ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതടക്കം വി കെ പോൾ തലവനായ ദൗത്യ സംഘത്തില്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഭാഗമാകും.

രാജ്യത്ത് ഐസിഎംആറിന് കീഴിലെ 15 ലാബുകളിലാണ് നിലവിൽ മങ്കിപോക്‌സ് പരിശോധന നടത്തുന്നത്. ഇത് കൂട്ടുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട് കേന്ദ്രം. മങ്കിപോക്‌സ് നിർണയിക്കുന്നതിനുള്ള പരിശോധന കിറ്റും മങ്കിപോക്സ് പ്രതിരോധിക്കാനുള്ള വാക്സീനും വികസിപ്പിക്കാനുള്ള താത്പര്യപത്രം നേരത്തെ ഐസിഎംആർ ക്ഷണിച്ചിരുന്നു. ഈ മാസം പത്തിനകം താൽപര്യപ്പത്രം സമർപ്പിക്കാനാണ് നിർദ്ദേശം. നിലവിൽ രാജ്യത്ത് നാലുപേർക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്‍റെ തോത് കണക്കിലെടുത്താകും തുടർ നടപടികൾ.