മങ്കിപോക്സ്: ഇന്ത്യയിലെ ആദ്യ മരണം കേരളത്തിൽ സ്ഥിരീകരിച്ചു

0
2527

തിരുവനന്തപുരം: തൃശൂരില്‍ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ മരണകാരണം മങ്കി പോക്‌സ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്തെ ആദ്യത്തെ മങ്കി പോക്‌സ് മരണമാണിത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ച പരിശോധനയിലാണ് മരണകാരണം മങ്കി പോക്‌സ് തന്നെയാണെന്നു സ്ഥിരീകരിച്ചത്.

അതേ സമയം, സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരെ നിരീക്ഷണത്തിലാണ്. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കപ്പട്ടികയിലുണ്ട്.

നാട്ടിലെത്തിയ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം പന്തുകളിക്കാനും മറ്റും പോയിരുന്നു. പരിശോധനാഫലം എത്തുന്നമുറയ്ക്ക് ഇവരെയും നിരീക്ഷണത്തിലാക്കും.

ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് പിന്നാലെ പൂനെ ലാബിലേക്ക് സാംപിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ വിവരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മരിച്ച യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ് കേരളത്തിലെത്തിയതെന്നും സംശയിക്കുന്നതായി മന്ത്രി വ്യക്തമാക്കിയതോടെ ആരോഗ്യ വകുപ്പ് പുന്നയൂരില്‍ യോഗം വിളിച്ചിരുന്നു.

ഈ മാസം 21ന് യുഎഇയില്‍ നിന്ന് എത്തിയ യുവാവ് ഇന്നലെയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിച്ചു.