ന്യൂഡൽഹി: പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന വിമാന ടിക്കറ്റ് നിരക്ക് പ്രശ്നങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിൽ എളമരം കരീം എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ വർധനവിൽ ഒന്നും ചെയ്യാനില്ലെന്നും വിമാന നിരക്ക് വർധനവിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ് രാജ്യസഭയിൽ അറിയിച്ചു.
വ്യോമയാന മേഖലയിൽ സർക്കാർ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ ശേഷം വിമാന നിരക്ക് വിപണിക്ക് അനുസൃതമാണ്. നിരക്ക് നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും സർക്കാറല്ല. വിപണി നിയന്ത്രിക്കുന്ന ശക്തികളെ ആശ്രയിച്ചാണ് വിമാന ടിക്കറ്റ് നിരക്ക്. ആഗോള തലത്തിൽ പിന്തുടരുന്ന രീതിയാണിതെന്നും മന്ത്രി പറഞ്ഞു.
ഗൾഫ് പ്രവാസികളെ ഏറെ നിരാശപ്പെടുത്തുന്നതാണ് കേന്ദ്രസർക്കാർ നിലപാട്. സീസണിൽ സാധാരണ ടിക്കറ്റ് നിരക്കിനെക്കാൾ പതിന്മടങ് നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഇതിനെതിരെ നടപടികൾ ഉണ്ടാകണമെന്നും ടിക്കറ്റ് നിരക്കിൽ ഉണ്ടാകുന്ന അന്യായ വർധനവ് തടയാൻ നിയമങ്ങൾ ഉണ്ടാകണമെന്നുമുള്ള ആവശ്യത്തിന് പ്രവാസ കുടിയേറ്റ കാലത്തോളം പഴക്കമുണ്ട്.




