റിയാദ്: പ്രസവത്തിനിടെ ഉണ്ടായ സങ്കീർണതയെ തുടർന്ന് മരണമടഞ്ഞ മലയാളി നഴ്സ് കൊല്ലം പത്തനാപുരം മാലൂർ കോളേജിനു സമീപമുള്ള അൻസി ഫാത്തിമ (31) യുടെ മയ്യത്ത് ഉനൈസ മുറൂജ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അഞ്ചു വർഷമായി ബുറൈദയിലുള്ള പ്രിൻസ് സുൽത്താൻ കാർഡിയാക് സെന്ററിൽ നഴ്സ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു. ജൂലായ് 4 നായിരുന്നു പ്രസവത്തിനായി ബുറൈദ എം. സി. എച്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സിസേറിയന് വിധേയമാക്കി. തൊട്ടടുത്ത ദിവസം പനിയും ശ്വാസതടസ്സവും അധികമാവുകയും ഉനൈസ കിങ് സഊദ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. വീണ്ടും മറ്റൊരു സർജറി കൂടി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജൂലൈ 10ന് രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഭർത്താവ് സനിത് അബ്ദുൽ ശുകൂർ കൂടെ ഉണ്ട്. അൻസി ഫാത്തിമയുടെ മാതാവ് ഫാത്തിമബീവി പ്രസവത്തിന്റെ ആവശ്യത്തിനായി നാട്ടിൽ നിന്നും എത്തിയിരുന്നു. പിതാവ് നാസിമുദ്ധീൻ.
ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത അന്ന് മുതൽ ഇവരുടെ എല്ലാ കാര്യങ്ങളും ഉനൈസ കെഎംസിസിയുടെ നേതൃത്വത്തിലായിരുന്നു നടന്നു വന്നിരുന്നത്. മയ്യത്ത് ഖബർ അടക്കുന്നതിന് വേണ്ട എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്ന് നേതൃത്വം നൽകിയതും ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ വെൽഫെയർ വിംഗ് ആണ്.