ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി ബലി പെരുന്നാൾ അവധി ദിവസങ്ങളിൽ സംഘടിപ്പിച്ച ഈജിപ്ത് യാത്ര അവിസ്മരണീയമായി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നൈൽ നദിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന പൗരാണിക ചരിത്ര സ്മാരകങ്ങളുടെ കലവറയായ ഈജിപ്തിലൂടെയുള്ള വിനോദ – വിജ്ഞാന യാത്ര പങ്കെടുത്തവർക്ക് പ്രവാസ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായി.

ജൂലൈ 11 തിങ്കളാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്നും പുറപ്പെട്ട സംഘം ഈജിപ്ത് തലസ്ഥാനമായ കൈറോവിൽ വിമാനമിറങ്ങി. ശേഷം വിശുദ്ധ ഖുർആൻ പ്രതിപാദിച്ച ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട യാത്രയിൽ വിജ്ഞാനവും വിനോദവും നിറഞ്ഞ ഒട്ടനവധി കാഴ്ചകൾ കണ്ടു.
ലോകത്ഭുതങ്ങളിൽ പെട്ട പിരമിടുകൾ, ഈജിപ്‌ഷൻ ഗ്രാൻഡ് മ്യൂസിയം, സ്വലാഹുദ്ധീൻ അയ്യൂബിയുടെ കോട്ട, ഈജിപ്ഷൻ ഗ്രാൻഡ് മസ്ജിദ്, അൽ അസ്ഹർ യൂണിവേഴ്സിറ്റി, മസ്ജിദ് ഇമാം ഹുസൈൻ, ഖാൻ ഖലീൽ സിറ്റി മാർക്കറ്റ്, അലക്സാൻഡ്രിയ സിറ്റി, ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. കൂടാതെ പ്രശസ്തമായ നൈൽ നദിയിൽ ക്രൂസ് യാത്രയും രാത്രി ഭക്ഷണവും ഉണ്ടായിരുന്നു. ഇതോടൊപ്പം നിരവധി സ്വഹാബികളും പ്രശസ്തരായ ഇസ്‌ലാമിക പണ്ഡിതരും അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലങ്ങളും സന്ദർശിച്ചു. ശേഷം ജൂലൈ 13 ബുധനാഴ്ച രാത്രി ജിദ്ദയിൽ തിരിച്ചെത്തി.
ഈജിപ്ത് യാത്രക്ക് എസ് ഐ സി ടൂർ വിംഗ് ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, അബൂബക്കർ ദാരിമി ആലമ്പാടി, മുജീബ് റഹ്‌മാനി മൊറയൂർ, മൊയ്‌ദീൻ കുട്ടി അരിമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി.
കഴിഞ്ഞ ചെറിയ പെരുന്നാളിന് ജോർദാനിലേക്ക് എസ് ഐ സി യാത്ര സംഘടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. വരും നാളുകളിൽ പ്രവാസികൾക്ക് അറിവും വിനോദവും സമ്മാനിക്കുന്ന രാജ്യാന്തര യാത്രകൾ സംഘടിപ്പിക്കുമെന്ന് എസ് ഐ സി ജിദ്ദ ടൂർ വിംഗ് ഭാരവാഹികൾ അറിയിച്ചു.