ജിദ്ദ: ഈദ് അൽ അദ്ഹ അവധിക്കാലത്ത് പുരുഷന്മാരുടെ ബാർബർഷോപ്പുകളുടെയും സ്ത്രീകളുടെ ബ്യൂട്ടി പാർലറുകളുടെയും ഭാഗത്തുനിന്ന് മൊത്തം 477 നിയമലംഘനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചതായി ജിദ്ദ മേയറൽറ്റി അറിയിച്ചു. ഹജ്ജ് സീസൺ പ്ലാനിനുള്ളിൽ നടത്തിയ പരിശോധനാ കാമ്പെയ്‌നിനിടെയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ഇജാദ പ്രോഗ്രാമിലൂടെ, പുരുഷ ബാർബർ ഷോപ്പുകളും സ്ത്രീകളുടെ ബ്യൂട്ടി പാർലറുകളും ലക്ഷ്യമിട്ട് 400 ഫീൽഡ് ടൂറുകൾ നടത്തിയപ്പോൾ 300 ഓളം നിയമലംഘന സ്ഥാപനങ്ങളെയാണ് കണ്ടെത്തിയത്. മുനിസിപ്പൽ ലംഘനങ്ങൾക്കുള്ള പെനാൽറ്റി ലിസ്റ്റ് അനുസരിച്ച് ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചതായി ജിദ്ദ മേയർ സ്ഥിരീകരിച്ചു.
താഴ്ന്ന നിലയിലുള്ള പൊതു ശുചിത്വം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഷേവിംഗ് ടൂളുകൾ ഉപയോഗിക്കാതിരിക്കൽ, ഉപകരണങ്ങളുടെയും വസ്തുക്കളുടെയും അറ്റകുറ്റപ്പണി, ശുചിത്വം, അണുനശീകരണം എന്നിവ അവഗണിച്ചതായി കണ്ടെത്തി. കൂടാതെ, കയ്യുറകൾ, ശിരോവസ്ത്രം, യൂണിഫോം എന്നിവ ധരിക്കാതിരിക്കൽ, നിയമവിരുദ്ധമായ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും വസ്തുക്കളുടെയും ഉപയോഗവും ലംഘനങ്ങളിൽ ഉൾപ്പെടുന്നു.
കൂടാതെ, ബലദ് ബ്രാഞ്ച് മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥലത്ത് വിൽപനക്കാർ അനുചിതവും വൃത്തിഹീനവുമായ രീതിയിൽ വിറ്റിരുന്ന ഒന്നര ടൺ ഈത്തപ്പഴവും പച്ചക്കറികളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ബലദി ആപ്ലിക്കേഷൻ വഴിയോ 940 എന്ന ഏകീകൃത നമ്പറിൽ വിളിച്ചോ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹകരിക്കാൻ പൗരന്മാരോടും താമസക്കാരോടും മേയർ അഭ്യർത്ഥിച്ചു.




