ജിദ്ദ: ലോകത്ത് വിവിധ രാജ്യങ്ങളിൽ ജീവ കാരുണ്യ സാമൂഹിക സേവന രംഗത്തെ നിറ സാന്നിധ്യമായ കെഎംസിസി സാമൂഹ്യ സേവന രംഗത്തെ അറിയപ്പെടുന്ന എൻ.ജി.ഒ കളിൽ ഏറ്റവും വലിയ സംഘടനയാണെന്ന് വനിത ലീഗ് ദേശീയ പ്രസിഡന്റും ചെന്നൈ കോർപറേഷൻ കൗൺസിലറുമായ ഫാത്വിമ മുസഫർ അഭിപ്രായപ്പെട്ടു. ദൈവ പ്രീതി മാത്രം ലക്ഷ്യമാക്കി കെഎംസിസി വളണ്ടിയർമാർ പുണ്യ ഭൂമിയിൽ മിനയിലും അറഫയിലും മക്കയിലും മദീനയിലും ഹാജിമാർക്ക് ചെയ്യുന്ന ബ്രഹത്തായ സേവനം വിലമതിക്കാനാവാത്തതും ലോകത്ത് മറ്റൊരു സംഘടനക്കും അനുകരിക്കാനാവാത്തതാണെന്നും അവർ പറഞ്ഞു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പോഷക സംഘടന എന്ന നിലക്ക് കെഎംസിസി ഹാജിമാർക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളിലും ഇതര ജീവകാരുണ്യ സാമൂഹിക സേവന പ്രവർത്തനങ്ങളിലും ഏറെ അഭിമാനിക്കുന്നു എന്നും അവർ പറഞ്ഞു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഹജ്ജ് വളണ്ടിയർമാരെ അനുമോദിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സംഘ് പരിവാർ ഭരണത്തിൽ ഇന്ത്യയിലെ പുതിയ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തെ ഭയപ്പെടേണ്ടതില്ലെന്ന് അവർ പറഞ്ഞു. കോപ്പറേറ്റ് രാഷ്ട്രീയ ശക്തി എന്നും നില നിൽക്കില്ല. മതപരമായ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഒന്നിച്ചു നിന്നാൽ ഇന്ത്യയിലെ മുസ്‌ലിം – ദളിത് ന്യൂനപക്ഷ രാഷ്ട്രീയ ശക്തിക്ക് അവരെ പരാജയപെടുത്താനാവുമെന്നും അവർ വിശദീകരിച്ചു. 20 ശതമാനം വരുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹവും ദളിത് വിഭാഗവും വിദ്യാഭ്യാസ പരമായി വളരെ പിന്നാക്കമാണ്. സ്ത്രീകളെ വിദ്യാഭ്യാസം നൽകി ഉയർത്തി കൊണ്ടുവരാൻ പ്രത്യക ശ്രദ്ധവേണമെന്ന് അവർ ആവശ്യപ്പെട്ടു.
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ചെന്നൈ രാജാജി ഹാളിൽ വെച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ചു 75 വർഷത്തോളം പിന്നിടുമ്പോൾ ഭരണഘടനാ ശില്പി അംബേദ്കറെ കോൺസ്റ്റിട്യൂട്വെന്റ്റ് അസംബ്ലിയിലേക്ക് വിജയപ്പിച്ചെടുത്തു. ഭരണഘടന രൂപകൽപന മുതൽ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ഇടപെട്ടു പ്രവർത്തിച്ച ചരിത്ര ദൗത്യം മുസ്‌ലിം ലീഗ് നിർവഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭരണ ഘടന നില നിർത്തുന്നതിനും മുസ്‌ലിം ദളിത് ന്യൂനപക്ഷ സമൂഹത്തിന് ഭരണഘടനാതലത്തിൽ ലഭിക്കുന്ന അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനും മുസ്‌ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്നും ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോരോർഡിലും തമിഴ്നാട് വഖഫ് ബോർഡിലും അംഗമായ ഫാത്തിമ മുസഫർ പറഞ്ഞു. പരിപാടിയിൽ ജിദ്ദ കെഎംസിസി പ്രസിഡന്റ് അഹ്‌മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.
അറഫ, മിന, മുസ്ദലിഫ, ജംറാത്തുകൾ എന്നിവടങ്ങളിൽ നാല് ദിവസം ജിദ്ദ കെഎംസിസിയുടെ ഹജ്ജ് വളണ്ടിയർമാർ ഹാജിമാർക്കായ് നടത്തിയ സേവന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ജില്ലാ കോ ഓർഡിനേറ്റർമാരും വളണ്ടിയർ ക്യാപ്റ്റന്മാരും സംസാരിച്ചു. ക്യാപ്റ്റൻ ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, വി. പി അബ്ദുൽറഹ്മാൻ, കോഡിനേറ്റർ മുസ്തഫ ചെമ്പൻ, നസീർ വാവക്കുഞ്ഞു, അബ്ബാസ് വേങ്ങൂർ, നൗഷാദ് ചപ്പാരപ്പടവ്, ഷബീറലി കോഴിക്കോട്, അബ്ദുൽ ഖാദർ കാസർകോഡ്, ഹുസ്സൈൻ കരിങ്കര , ഇ. വി നാസർ, അബ്ദുൾറഹ്മാൻ ഒളവണ്ണ, നിസാർ മടവൂർ, വി. പി. ഉനൈസ് , ശിഹാബ് പുളിക്കൽ, കൊല്ലി ഇബ്‌റാഹീം, അലി പാങ്ങാട്ട്,
ലത്തീഫ് വയനാട് എന്നിവർ പ്രസംഗിച്ചു.
ഹജ്ജിനെത്തിയ പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ, മുസഫർ അഹമ്മദ് തമിഴ്നാട്, ഫാത്വിമ മുസഫറിൻ്റെ പുത്രനും സംരംഭകനുമായ മുസഫർ അൻവർ, കണ്ണിന് കാഴ്ചയില്ലാതെ തനിച്ച് ഹജ് നിർവഹിക്കാനെത്തിയ മദ്രസ അധ്യാപകനായ മണ്ണാർക്കാട് ഹംസ, നാസർ എടവനക്കാട് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സി.കെ.റസാഖ് മാസ്റ്റർ, ഷൌക്കത്ത് ഞാറക്കോടൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.
ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും എ. കെ ബാവ വേങ്ങര നന്ദിയും പറഞ്ഞു.