റിയാദ്: വേനലിലെ ഉയർന്ന താപനിലയും നിരവധി പേർ വാഹനങ്ങൾക്ക് ഷേഡിംഗ് നടത്തുന്നതും കണക്കിലെടുത്ത് കാറുകളിലെ വിൻഡോ ഗ്ളാസുകളിൽ ഷേഡിംഗ് അനുവദിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാഹനങ്ങളുടെ സൈഡ് വിൻഡോകളിൽ ഷേഡിങ് വരുത്തുന്നതിന് കൂളിംഗ് ഫിലിമുകൾ ഒട്ടിക്കാമെന്നും അത് മുൻ, പിൻ സീറ്റുകൾ എന്ന വ്യത്യാസമില്ലാതെ തന്നെ ചെയ്യാമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. എന്നാൽ, വാഹനത്തിനുള്ളിൽ എന്താണെന്ന് കാണാൻ അനുവദിക്കുന്ന സുതാര്യമായ തരത്തിലായിരിക്കണമെന്നതാണ് നിബന്ധന. അതിനാൽ കൂളിംഗ് ഫിലിമുകളുടെ ഷേഡിംഗ് ശതമാനം 30 ശതമാനത്തിലധികം കവിയരുത്.
അതേസമയം, മുൻ സീറ്റ് സൈഡ് വിൻഡോയിലെ ഷേഡിംഗ്, കണ്ണാടി (സൈഡ് മിറർ) യുടെ കാഴ്ചയെ പ്രതിഫലിപ്പിക്കരുതെന്നും സുതാര്യത പരിമിതപ്പെടുത്തുന്ന അലങ്കാരങ്ങളോ ലിഖിതങ്ങളോ ചിത്രങ്ങളോ ഉണ്ടാകരുതെന്നും ഡ്രൈവറുടെ കാഴ്ച മറയ്ക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നവയും ഉണ്ടാകരുതെന്നും ട്രാഫിക് വിഭാഗം കൂട്ടിച്ചേർത്തു.
എന്നാൽ, ചില പ്രത്യേക സാഹചര്യത്തിൽ അനുവദിക്കപ്പെട്ട 30 ശതമാനം എന്നത് കൂട്ടാനും അനുവാദമുണ്ട്. ഇതിനായി രോഗാവസ്ഥയെക്കുറിച്ചുള്ള മെഡിക്കൽ റിപ്പോർട്ട് ട്രാഫിക് വിഭാഗത്തിൽ സമർപ്പിച്ച് അനുവാദം വാങ്ങണം.
നിയന്ത്രണങ്ങൾ പാലിക്കാതെ വാഹനങ്ങളുടെ ഗ്ലാസ്സുകളിൽ കൂളിംഗ് ഫിലിമുകൾ ഒട്ടിച്ചാൽ ഫൈൻ ഈടാക്കുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ട്രാഫിക് വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കാതെ വാഹനത്തിന്റെ മുൻവശത്തെ ഷേഡിംഗ് ലംഘനത്തിന് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ഈടാക്കും





