സഊദിയിൽ വിദേശികളുടെ ഇഖാമ പ്രൊഫഷനുകൾ പുനഃക്രമീകരിക്കുന്നു, ആകെ പ്രൊഫഷനുകൾ 2015 ആയി ചുരുങ്ങി

0
4631

റിയാദ്: സഊദിയിൽ വിദേശികളുടെ ഇഖാമ പ്രൊഫഷനുകൾ പുനഃക്രമീകരിക്കുന്നു, ഐക്യരാഷ്ട്ര സഭയുടെ ഇക്കണോമിക് ആന്റ് സോഷ്യൽ കൗൺസിൽ പുറത്തിറക്കിയ ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഒക്കുപേഷൻസ് (ഐ.എസ്.സി.ഒ-08) മാനദണ്ഡങ്ങൾക്കനുസൃതമായി, സഊദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്കുപേഷൻസ് വ്യവസ്ഥകൾ പ്രകാരമാണ് പ്രൊഫഷനുകളുടെ പുനഃക്രമീകരണം നടക്കുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതോടെ, രാജ്യത്തെ തൊഴിലാളികൾ ഉപയോഗിച്ച് വന്നിരുന്ന ചില പ്രൊഫഷ്നുകൾ അപ്രത്യക്ഷമായി. ഇത്തരം ആളുകൾക്ക് മറ്റു പ്രൊഫഷനുകളിലേക്ക് മാറ്റാനുള്ള നടപടികളാണ് ഇപ്പോൾ നടന്ന് വരുന്നത്. പുനഃക്രമീകരണം നടന്നപ്പോൾ നേരത്തെയുണ്ടായിരുന്ന മുവ്വായിരത്തോളം പ്രൊഫഷനുകളിൽ നിന്ന് ചില പ്രൊഫാഷനുകൾ അപ്രത്യക്ഷമായതോടെ നിലവിലെ ആകെ പ്രൊഫാഷനുകൾ 2015 ആയി ചുരുങ്ങി.

10 ഗ്രൂപ്പുകളിലായി 43 സബ് ഗ്രൂപ്പുകളും 130 മൈനർ ഗ്രൂപ്പുകളും 432 യൂനിറ്റുകളുമായി തരം തിരിച്ചാണ് പുതിയ ക്രമീകരണം. വിദഗ്ധ തൊഴിലാളികൾക്ക് മാത്രം സഊദി തൊഴിൽ വിപണി തുറന്നുകൊടുക്കാനുള്ള പദ്ധതി നടപ്പാക്കിത്തുടങ്ങിയതോടെയാണ് അന്താരാഷ്ട്ര സ്റ്റാൻഡേർഡ് കൂടി പരിഗണിക്കേണ്ടിവന്നത്.

ഇഖാമ നമ്പറിലെ പ്രൊഫഷൻ നിശ്ചിത നമ്പറിലേക്ക് മാറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പലർക്കും ജവാസാത്തിൽ നിന്ന് സന്ദേശമെത്തിയിരുന്നു. ഇതേത്തുടർന്ന് പലരും അബ്ശിർ വഴിയും മറ്റും പ്രൊഫഷൻ മാറിയിട്ടുണ്ടോ എന്ന് പരിശോധിച്ചിരുന്നുവെങ്കിലും മാറ്റമൊന്നുമുണ്ടായിരുന്നില്ല. പ്രൊഫഷനുകളുടെ കോഡ് നമ്പറുകൾ ക്രമീകരിച്ചതിന്റെ ഭാഗമായിരുന്നു ഈ സന്ദേശമെന്നാണ് ഇപ്പോൾ അറിയുന്നത്.

പുതിയ ക്രമീകരണത്തിന്റെ ഭാഗമായി വിദേശികൾ വ്യാപകമായി ഉപയോഗിച്ചിരുന്ന ലേബർ (ആമിൽ), സാധാരണ ലേബർ (ആമിൽ ആദി) തുടങ്ങിയ പ്രഫഷനുകൾ പാടെ ഇല്ലാതായി. നിശ്ചിത തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന ‘ലേബർ’ എന്ന ഗണത്തിലേക്ക് ഇവ മാറും. കൂടാതെ, ഡോക്ടർ, എൻജിനീയർ, സ്‌പെഷലിസ്റ്റ്, എക്സ്പെർട്ട്, സ്‌പെഷലൈസ്ഡ് എക്സ്പെർട്ട്, കൺട്രോൾ ടെക്‌നീഷ്യൻ എന്നിവയും മാറുന്നതോടെ ഈ എട്ട് വിഭാഗം പ്രൊഫഷനുകൾ ഏതെങ്കിലും തൊഴിൽ മേഖല വ്യക്തമാക്കിയായിരിക്കും ഇനി മുതൽ ഉണ്ടാകുക.

ഈ തൊഴിൽ മേഖലയിലേക്ക് വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക പരിജ്ഞാനം, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ മാത്രമേ ഇനിമുതൽ രാജ്യത്തേക്ക് റിക്രൂട്ട്‌മെന്റ് നടക്കൂ. എന്നാൽ, നിലവിലുള്ള വിദേശ ജോലിക്കാർ തൊഴിൽ കരാർ പുതുക്കുന്ന വേളയിൽ ഇവയിലേതെങ്കിലും ഹാജരാക്കേണ്ടിവരുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.