ദ്വിദിന സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡണ്ട് സഊദിയിൽ നിന്നും മടങ്ങി, ഖഷോഗി വധത്തിൽ ബൈഡന് ചുട്ട മറുപടി നൽകി കിരീടവകാശി

0
2531

ജിദ്ദ: രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സഊദിയിൽ നിന്ന് മടങ്ങി. ജിസിസി പ്ലസ് 3 ഉച്ചകോടിയിൽ സംബന്ധിച്ച ശേഷമാണ് ബൈഡൻ സഊദിയിൽ നിന്ന് മടങ്ങിയത്. മക്ക മേഖല ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുഎസ് പ്രസിഡന്റിന് യാത്രയയപ്പ് നൽകി.

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ നേതാക്കൾ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി, ജോർദാൻ രാജാവ് അബ്ദുല്ല ബിൻ അൽ ഹുസൈൻ എന്നിവരുടെ സാന്നിധ്യത്തിൽ ജിദ്ദയിലെ സുരക്ഷയ്ക്കും വികസനത്തിനുമുള്ള ഉച്ചകോടിയിൽ ബൈഡൻ പങ്കെടുത്തിരുന്നു.

പ്രശസ്ത മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് കിരീടാവകാശി കുറ്റക്കാരനെന്ന രീതിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ചതിന്, കിരീടാവകാശി തിരിച്ചടിച്ചു. ദ്വിദിന സന്ദർശനത്തിനായി സഊദിയിലെത്തിയ അമേരിക്കൻ പ്രസിഡന്റ്, മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ സംസാരിച്ചിരുന്നത്.

ജമാൽ ഖഷോഗിയുടെ വധം ദൗർഭാഗ്യകരമായെന്നും, സംഭവത്തിൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞതായി സഊദിയും അമേരിക്കയും തമ്മിലുള്ള ചർച്ചയിൽ പങ്കെടുത്ത ഒരു സ്രോതസ്സ് പറഞ്ഞു.

ഖഷോഗി കേസിൽ അന്വേഷണം, വിചാരണ, ശിക്ഷാവിധി, ശിക്ഷ നടപ്പാക്കൽ തുടങ്ങി എല്ലാ നിയമ നടപടികളും സഊദി അറേബ്യ ഏറ്റെടുത്തിട്ടുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. ഭാവിയിൽ ഏതു ഘട്ടത്തിലും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിക്രമങ്ങളും രാജ്യം ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് എവിടെയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാമെന്നും അതേ വർഷം തന്നെ മറ്റ് സ്ഥലങ്ങളിൽ മറ്റ് മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും യോഗത്തിൽ കിരീടാവകാശി ചൂണ്ടിക്കാട്ടി.

ഇറാഖിലെ അബു ഗുറൈബിനെയും മറ്റുള്ളവരെയും ഉദാഹരണമായി ഉദ്ധരിച്ച് യുഎസും തെറ്റുകൾ വരുത്തിയതായി അദ്ദേഹം പരാമർശിച്ചു. ഈ തെറ്റുകൾ രാജ്യങ്ങൾ കൈകാര്യം ചെയ്യണമെന്നും അവ വീണ്ടും സംഭവിക്കുന്നത് തടയുന്ന നടപടിക്രമങ്ങൾ നടപ്പാക്കണമെന്നും മുഹമ്മദ് രാജകുമാരൻ പറഞ്ഞു.