മങ്കിപോക്സ്: അന്താരാഷ്ട്ര യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ, സംസ്ഥാനത്ത് 5 ജില്ലകളിൽ ജാഗ്രതാ നിർദേശം

0
3033

ന്യൂഡൽഹി: കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയമാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അന്താരാഷ്ട്ര യാത്രക്കാർ രോഗികളുമായി സമ്പർക്കം പുലർത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിക്കുന്നു. ചത്തതും ജീവിച്ചിരിക്കുന്നതുമായ വന്യജീവികളുമായി സമ്പർക്കം പുലർത്തുന്ന സാഹചര്യവും ഒഴിവാക്കണം.

എലി, അണ്ണാൻ, കുരങ്ങൻ എന്നീ ജീവികളുമായി സമ്പർക്കം പുലർത്തരുത്. വന്യജീവികളുടെ മാംസം കഴിക്കുന്നതും ഒഴിവാക്കണം. രോഗം ബാധിച്ചവർ ഉപയോഗിക്കുന്ന വസ്തുക്കൾ വീണ്ടും ഉപയോഗിക്കരുത്. മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയെ സമീപിക്കണം. രോഗം സ്ഥിരീകരിച്ച പ്രദേശത്ത് നിന്ന് വരുന്നവരും ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം.

അതിനിടെ, ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കുരങ്ങുപനി സ്ഥിരീകരിച്ച സഹചര്യത്തിൽ അഞ്ചു ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം സംസ്ഥാന സർക്കാർ. യു.എ.ഇയിൽനിന്നെത്തിയ യാത്രക്കാരനാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ആൾക്കൊപ്പം യാത്ര ചെയ്തവരുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾക്കാണ് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയത്.

അതേസമയം, മങ്കിപോക്‌സ് ബാധിച്ച രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടതിൽ തെറ്റുണ്ടെന്നും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് രോഗിയെ പ്രവേശിപ്പിച്ചത് എന്നായിരുന്നു റൂട്ട് മാപ്പിലുണ്ടായിരുന്നത്. എന്നാൽ, രോഗിയെ പ്രവേശിപ്പിച്ചത് തിരുവന്തപുരം മെഡിക്കൽ കോളേജിലായിരുന്നു. രോഗിയുമായി പതിനാറു പേർക്കാണ് പ്രാഥമിക സമ്പർക്കമുണ്ടായത്.