ലഖ്നോ: യു.പിയിലെ ലുലു മാളിൽ നമസ്‌കരിച്ച അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ് പൊലീസ്. മാൾ പബ്ലിക് റിലേഷൻ മാനേജർ സിബ്‌തൈൻ ഹുസൈന്റെ പരാതിയെ തുടര്‍ന്ന് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അജ്ഞാതർ അനുമതിയില്ലാതെ വന്ന് മാളിൽ നമസ്‌കരിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ലുലുമാളിൽ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഹിന്ദുമഹാസഭ മാളിനെതിരെ രംഗത്തുവരികയും ചെയ്തു.
കഴിഞ്ഞദിവസം ലുലുമാളിൽ ആളുകൾ നമസ്കരിക്കുന്ന വിഡിയോ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാളിലെ നമസ്കാരത്തിനെതിരെ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ഞായറാഴ്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളമാളിൽ ആളുകൾ നമസ്കരിക്കുന്ന വിഡിയോ ആണ് വൈറലായത്.

നമസ്‌കാരത്തിൽ മാൾ ജീവനക്കാരോ മാനേജ്‌മെന്റോ ഉൾപ്പെട്ടതായി അറിവില്ലെന്ന് പൊലീസ് അറിയിച്ചു. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നുവെന്ന് ലഖ്നോയിലെ ലുലുമാൾ ജനറൽ മാനേജർ സമീർ വെർമ വിഡിയോ സന്ദേശത്തിൽ അറിയിച്ചു. ഒരു തരത്തിലുള്ള മതാചാരങ്ങളും മാളിൽ അനുവദിച്ചിട്ടില്ല. അത്തരം പ്രവർത്തനങ്ങൾ സൂക്ഷ്മതയോടെ വേണമെന്നാണ് ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാളിൽ നമസ്കാരം നടന്നുവെന്ന വിവാദത്തിൽ കുറിച്ച് മാനേജർ പ്രതികരിച്ചില്ല. യു.പിയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ലുലുമാൾ 2500 കോടിയാണ് നിക്ഷേപിച്ചിട്ടുള്ളത്.
”പൊതുസ്ഥലത്ത് നമസ്‌കാരം നടത്തരുത് എന്ന നിയമമാണ് തെറ്റിച്ചത്. മാളിലേക്ക് നിയമിക്കപ്പെട്ട എഴുപത് ശതമാനം പുരുഷന്മാരും ഒരു സമുദായത്തിൽനിന്നുള്ളവരാണ്. പെൺകുട്ടികൾ മറ്റൊരു സമുദായത്തിൽനിന്നുള്ളവരും. മതഭ്രാന്തുള്ള വ്യക്തിയുടേതാണ് മാൾ. ലൗ ജിഹാദ് പ്രചരിപ്പിക്കാനുള്ള നീക്കമാണിത്. സംഭവത്തിൽ അന്വേഷണം വേണമെന്നും” ആവശ്യപ്പെട്ട് മഹാസഭ വക്താവ് ശിശിർ ചതുർവേദിയും സംഘമാണ് പരാതി നൽകിയത്. തന്നെയും മഹാസഭയിലെ മറ്റ് അംഗങ്ങളെയും മാളിൽ കയറാൻ അനുവദിച്ചില്ലെന്നും ചതുർവേദി ആരോപിച്ചു.




