റിയാദ്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് സഊദിയിലെത്തും. മധ്യേഷ്യൻ സന്ദർശനത്തിൽ ഏർപ്പെട്ട യു എസ് പ്രസിഡന്റ് ഇസ്രാഈലിൽ നിന്നാണ് നേരിട്ട് ജിദ്ദയിൽ എത്തുക. ഇസ്രാഈലിൽ നിന്ന് എത്തുന്ന ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായി സഊദി അറേബ്യ എല്ലാ വിമാനങ്ങൾക്കും തങ്ങളുടെ വ്യോമ പാത ഉപയോഗിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ സമയം രാത്രി എട്ടരക്കാണ് ബൈഡൻ ഇസ്രയേലിൽ നിന്നും നേരിട്ട് സൗദിയിലെത്തുക. വൈകുന്നേരം സഊദി സമയം അഞ്ചരക്ക് തെൽഅവീവിൽ നിന്നും ജിദ്ദയിലേക്ക് നേരിട്ടാണ് വിമാനമെത്തുക. തുടർന്ന് വൈകുന്നേരം ജിദ്ദയിലെ അൽ സലാം രാജ കൊട്ടാരത്തിൽ വെച്ച് 6.15 ന് സഊദി രാജാവുമായും 6.45 ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻരാജകുമാരനുമായും ബൈഡൻ ചർച്ച നടത്തും.
ആഗോള എണ്ണവില, യമൻ ഇറാൻ വിഷയങ്ങൾ, യുക്രൈൻ പ്രതിസന്ധി, ഇസ്രാഈൽ-ഫലസ്തീൻ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. തുടർന്ന് ശനിയാഴ്ച നടക്കുന്ന ജിസിസി ഉച്ചകോടിയിൽ അംഗരാഷ്ട്രങ്ങൾക്ക് പുറമെ ജോർദാൻ, ഈജ്പിത്, ഇറാഖ് എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.
അധികാരത്തിലെത്തിയ ശേഷം ആദ്യമായി സഊദിയിലെത്തുന്ന ബൈഡന്റെ യാത്ര ഉറ്റു നോക്കുകയാണ് ലോകം. യുഎസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ഉടൻ, സഊദിക്ക് ഭ്രഷ്ടുണ്ടാകുമെന്ന് പ്രഖ്യാപിച്ച ജോ ബൈഡന്റെ സഊദി സന്ദർശനം ഗൗരവത്തോടെയാണ് ലോക മാധ്യമങ്ങൾ കാണുന്നത്.




