കാർ നിയന്ത്രണം വിട്ട് കടലിലേക്ക് വീണ് മലയാളി ബഹ്‌റൈനിൽ മരിച്ചു

0
2907

മനാമ: റാന്നി സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ ശ്രീജിത്ത് ഗോപാലകൃഷ്ണൻ ബഹ്റൈനിൽ കടലിൽ വീണ് മരണപ്പെട്ടു. 42 വയസായിരുന്നു പ്രായം. സിത്രയ്ക്ക് സമീപത്തുള്ള കടലിലേയ്ക്ക് ഇദ്ദേഹം ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് കടലിൽ നിന്ന് നീന്തി കരയിലേയ്ക്ക് വന്നതിന് ശേഷം വീണ്ടും ഇദ്ദേഹം മുങ്ങിതാഴുന്ന കാറിൽ നിന്ന് എന്തോ എടുക്കാനായി ചെന്നപ്പോഴാണ് മരണത്തിന് കീഴടങ്ങേണ്ടി വന്നതെന്നും വിശ്വസനീയമായ ചില കേന്ദ്രങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഇതേ കുറിച്ച് പോലീസ് അന്വേഷണം നടന്നുവരികയാണ്.

ബഹ്റൈനിൽ ഇൻവെസ്റ്റർ വിസയിൽ കഴിയുകയായിരുന്ന ഇദ്ദേഹം ഭാര്യയും, മകനും രണ്ട് പെൺമക്കളുമായി കുടംബത്തോടെ ഉമൽഹസത്തിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ വിദ്യ അൽ മഹദ് സ്കൂൾ അദ്ധ്യാപികയാണ്. മകൻ അഭിജിത്ത് നാട്ടിൽ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയാണ്. പെൺമക്കളായ മാളവിക, ദേവിക എന്നിവർ ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ എട്ടാം ക്ലാസിലും, ആറാം ക്ലാസിലും പഠിക്കുന്നു.

സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനായുള്ള പ്രവർത്തനങ്ങൾ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.