13 വർഷമായി വീട്ടുകാരുമായി ബന്ധമില്ല, അച്ഛനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട അഞ്ജുവിന്റെ അഭ്യർത്ഥന ഫലം കണ്ടു, പിതാവിനെ ബഹ്റൈനിൽ കണ്ടെത്തി

0
4454

മനാമ: 13 വർഷമായി വീട്ടുകാരുമായി ബന്ധമില്ലാതിരുന്ന മലയാളിയെ ബഹ്‌റൈനിൽ അന്വേഷിച്ച് കണ്ടെത്തി മലയാളികൾ. അച്ഛനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ മകൾ അഞ്ജു നടത്തിയ അഭ്യർത്ഥന ഫലം കണ്ടു. പിതാവിനെ ബഹ്റൈനിൽ കണ്ടെത്തിയതോടെ ഒടുവിൽ മകളുടെ കണ്ണീരിന് ഫലമുണ്ടായി.

മുഹറഖിൽ കണ്ടെത്തിയ കെ. ചന്ദ്രൻ സാമൂഹിക പ്രവർത്തകർക്കൊപ്പം, ചന്ദ്രന്റെ പഴയ ചിത്രം

13 വർഷമായി വീട്ടുകാരുമായി ബന്ധമില്ലാതിരുന്ന തിരുവനന്തപുരം സ്വദേശിയെയാണ് ഒടുവിൽ ബഹ്റൈനിൽ കണ്ടെത്തിയത്. പിതാവിനെ കണ്ടെത്താൻ മകൾ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർഥന ഇവിടുത്തെ പ്രവാസി മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.

തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രനെ സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. അംവാജിൽ നിർമാണത്തൊഴിലാളിയായ ചന്ദ്രൻ മുഹറഖിലാണ് താമസിച്ചിരുന്നത്. വീട്ടുകാരുമായി ഫോണിൽ സംസാരിച്ച ചന്ദ്രൻ നാട്ടിലേക്ക് തിരിച്ചുപോകാനുള്ള സന്നദ്ധതയും അറിയിച്ചു. പിതാവിനെ കണ്ടെത്തിയതിൽ ഏറെ സന്തോഷത്തിലാണ് മകൾ അഞ്ജുവും മറ്റ് കുടുംബാംഗങ്ങളും.

2009 ആഗസ്റ്റ് 18നാണ് ചന്ദ്രൻ ബഹ്റൈനിൽ എത്തിയത്. 2011ൽ വിസയുടെ കാലാവധി തീർന്നു. പിന്നീട് വിസ പുതുക്കിയിട്ടില്ല. ഇതിനിടെ പാസ്പോർട്ടിന്റെ കാലാവധിയും അവസാനിച്ചു. ചെറിയ ജോലികൾ ചെയ്ത് ജീവിച്ച ഇദ്ദേഹം പിന്നീട് നാട്ടിലേക്ക് തിരിച്ചുപോയില്ല.

ഇതിനിടെയാണ്, കഴിഞ്ഞ ദിവസം അച്ഛനെത്തേടി മകൾ അഞ്ജു ഫേസ്ബുക്കിൽ കുറിപ്പിട്ടത്. അഞ്ജുവിന് ആറ് വയസുള്ളപ്പോഴാണ് ചന്ദ്രൻ ബഹ്റൈനിലേക്ക് വന്നത്. ഏറെക്കാലം വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് കണ്ടെത്താൻ വീട്ടുകാർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വീട്ടിൽ അമ്മക്ക് ജോലിയൊന്നും ഇല്ലെന്നും തനിക്ക് കോളജിൽ ഫീസ് അടക്കാൻ കഴിഞ്ഞിട്ടില്ലെന്നും അച്ഛനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചുതരണമെന്നും അഞ്ജു വേദനയോടെ ഫേസ്ബുക്കിൽ കുറിച്ചത് ഏറ്റെടുത്ത പ്രവാസികൾ പലവഴിക്കും ചന്ദ്രനായി അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രവർത്തകരുടെ ആത്മാർഥമായ പരിശ്രമമാണ് ഒടുവിൽ ലക്ഷ്യം കണ്ടത്. നാട്ടിൽ വളരെ പ്രയാസം അനുഭവിച്ചാണ് കുടുംബം കഴിയുന്നത്. ചെറിയൊരു കൂര മാത്രമാണ് ഇവർക്ക് സ്വന്തമായുള്ളത്. അഞ്ജുവിന്റെ തുടർപഠനം കുടുംബത്തിന് മുന്നിൽ ഒരു വെല്ലുവിളിയായുണ്ട്.

ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയിൽ അറിയിച്ചിട്ടുണ്ട്. രേഖകൾ ശരിയാക്കി ഇദ്ദേഹത്തെ നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലാണെന്ന് സുധീർ തിരുനിലത്ത് പറഞ്ഞു.