ഏക ഇലാഹിൽ അലിഞ്ഞു ചേർന്ന് മിന, പാപങ്ങളുടെ കെട്ടഴിച്ച് ഇന്ന് ഹാജിമാർ അറഫാത്തിൽ

0
986

മക്ക: വർഷത്തെ ഹജ്ജ് കമ്മങ്ങൾക്ക് തുടക്കം കുറിച്ച് ദൈവീക വിളിക്കുത്തരം നൽകി വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഹാജിമാർ മിനായിൽ ഒത്തു ചേർന്നു. ഹജ്ജിന്റെ പ്രധാന ചടങ്ങായ ലോകത്തെ ഏറ്റവും വലിയ വിശ്വാസി സംഗമം കൂടിയായ അറഫാ സംഗമത്തിന് മുന്നോടിയായി അതിനുള്ള ഒരുക്കങ്ങൾക്ക് വേണ്ടിയാണ് ഹാജിമാർ മിനയിൽ ഇന്നലെ കഴിച്ച് കൂട്ടിയത്. തൽബിയത്ത് മന്ത്രങ്ങളാൽ നിറഞ്ഞൊഴുകുന്ന മിനയിലേക്ക് ബുധനാഴ്ച്ച തന്നെ പ്രയാണം ആരംഭിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെയോടെ തന്നെ ഹാജിമാരെ പൂർണ്ണമായും മിനായിൽ എത്തിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി മക്കയിലെ മസ്‌ജിദുൽ ഹറം പള്ളിക്കു ചുറ്റുമുള്ള താമസ കേന്ദ്രങ്ങളിൽ നിന്നും ചെറു സംഘങ്ങളായാണ് മിനായിലേക്ക് ഹാജിമാരെ എത്തിച്ചത്. പാപങ്ങളും സങ്കടങ്ങളും എണ്ണിയെണ്ണി പറഞ്ഞു വിതുമ്പുന്ന ഹൃദയങ്ങൾക്ക് മിനാ താഴ്വാരവും തമ്പുകളും സാക്ഷിയായി.

ഇന്നലെ മിനായിൽ അഞ്ചു നേരത്തെ നിസ്‌കാരം പൂർത്തിയാക്കിയ ശേഷം അറഫാത്ത് മൈതാനം ലക്ഷ്യമാക്കി ഹാജിമാർ നീങ്ങിത്തുടങ്ങി. ഇന്ന് ഉച്ചയോടെ മുഴുവൻ ഹാജിമാരും അറഫാത്തിൽ എത്തി ചേരും. അറഫാത്തിൽ മസ്ജിദുന്നമിറക്കുചുറ്റും തീർഥാടകരുടെ താമസത്തിനും ആരോഗ്യസുരക്ഷക്കും വേണ്ട വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. അറഫ സംഗമത്തിന്റെ ഭാഗമായി ഇന്ന് ദുഹ്ർ നിസ്‌കാര ശേഷം അറഫാത്ത് മൈതാനിയിലെ മസ്ജിദുന്നമിറയിൽ മുതിർന്ന പണ്ഡിത കൗൺസിൽ അംഗവും മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമായ മുഹമ്മദ് അൽ ഈസ അറഫ പ്രഭാഷണം നിർവ്വഹിക്കും.

അറഫാ സംഗമത്തിന് ശേഷം ഹാജിമാർ മുസ്‌ദലിഫ ലക്ഷ്യമാക്കി നീങ്ങും. മുസ്‌ദലിഫയിൽ നിന്ന് കല്ലുകൾ ശേഖരിച്ച് തൊട്ടത്തടുത്ത ദിവസം പൈശാചിക സ്തൂപമായ ജംറയിൽ ആദ്യ ദിന കല്ലേറ് കർമ്മം പൂർത്തിയാക്കും. കനത്ത ചൂട് ഹാജിമാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും വേണ്ട സജ്ജീകരണങ്ങൾ കൈക്കൊള്ളണമെന്നും അധികൃതർ ഹാജിമാർക്ക് മുന്നറിയിപ്പ് നൽകുകയും അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്‌തിട്ടുണ്ട്‌.