ഇന്ത്യൻ ഹജ്ജ് പ്രതിനിധി സംഘം മക്കയിൽ, ഇന്ത്യൻ ഹാജിമാരുടെ സൗകര്യങ്ങൾ വിലയിരുത്തി

0
4533

മക്ക: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് പ്രതിനിധി സംഘം പുണ്യ മക്കയിലെത്തി. ഇന്ത്യൻ ഹജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ഇക്കുറി സൗഹൃദസംഘാംഗങ്ങളായി എത്തിയിട്ടുള്ളത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹജ് കമ്മിറ്റി വൈസ് ചെയർപേഴ്‌സൺമാരായ മഹ്ഫൂസ കാതൂൻ, മുനവറി ബീഗം, ഹജ് ഡയരക്ടർ മോയിൻ അസീർ, ഹജ് കമ്മിറ്റി അംഗവും എം.എൽ.എയുമായ ഇസ്മയിൽ അബ്ദുൽ ഖാലിക് എന്നിവരാണ് സംഘത്തിലുള്ളത്. ഇവർക്കു പുറമെ സി.ഇ.ഒ മുഹമ്മദ് യാകൂബും കൂടെയുണ്ട്.

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സഊദി ഡെപ്യൂട്ടി ഹജ്ജ് ഉംറ മന്ത്രി അബ്ദുൽഫത്താഹ് അൽ മഷാതുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ ഇന്ത്യൻ ഹാജിമാരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സൗത്ത് ഏഷ്യ മുതവഫിഫ് കമ്പനി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി സൗകര്യങ്ങളും സംവിധാനങ്ങളും മറ്റു കാര്യങ്ങളും വിലയിരുത്തി.

ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ ആസൂത്രിതമായി കൈകാര്യം ചെയ്ത ഇന്ത്യൻ സംഘത്തിനു കമ്പനി നന്ദി അറിയിച്ചു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പ്രതിനിധി സംഘത്തിനും ന്യൂനപക്ഷ മന്ത്രാലയ പ്രതിനിധികൾക്കും, മക്ക, മിന മുസ്‌ദലിഫ എന്നിവിടങ്ങളിൽ ഇന്ത്യൻ ഹാജിമാർക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങൾ കോൺസുൽ ജനറൽ ഷാഹിദ് ആലം വിശദീകരിച്ചു.