ഹാജിമാർക്ക് സഹായികളായി 38 മലയാളി ഹജ്ജ് മിഷൻ വളണ്ടിയർമാർ

0
1630

മക്ക: ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മലയാളി തീർഥാടകർക്ക് സഹായികളായി ഹജ്ജ് മിഷൻ വളണ്ടിയർമാരിൽ 38 മലയാളി വളണ്ടിയർമാർ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥനായ അഷറഫ് അരയൻകോടിന്റെ നേതൃത്വത്തിലാണ് വളൻറിയർ സംഘം പുണ്യ ഭൂമിയിൽ ഹാജിമാർക്ക് സേവനം നൽകുന്നത്. മഹ്റമില്ലാ വിഭാഗത്തിൽപ്പെട്ട തീർഥാടകരുടെ സഹായങ്ങൾക്കായി ഏഴ് വനിതാ വളൻറിയർമാരാണ് ഉള്ളത്.

ഒരു ഹജ്ജ് ഒഫീഷ്യൽ അടക്കം കേരളത്തിൽ നിന്നെത്തിയ വളൻറിയർമാർ (ഖാദിമുല്‍ ഹുജാജ്) പൊലീസ്, ജലവകുപ്പ്, മോട്ടോർവകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങി വിവിധ തസ്തികയിൽ ജോലി ചെയുന്നവരാണ്‌. ഹജ്ജ് സേവനത്തിനായി ഡെപ്യുട്ടേഷനിലാണ് ഇവരെത്തിയത്.

എത്തിയ ഹാജിമാരെ നയിക്കുന്ന നാലു കോഡിനേറ്റർമാരിൽ ഒരാൾ തിരൂർ ഗവണ്മെന്റ് കോളജ് അധ്യാപകൻ കൂടിയായ ഡോ: ജാബിർ ഹുദവിയാണ്. മലപ്പുറം പെരുവള്ളൂർ പറമ്പിൽപീടിക സ്വദേശിയാണ് ഇദ്ദേഹം. മറ്റ് മൂന്നുപേരും ഇതര സംസ്ഥാനക്കാരാണ്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് ഉൾപ്പെടെ ആറ് പ്രധാന വകുപ്പുകളുടെ ചുമതലകൾ ഡോ: ജാബിർ ഹുദവിയാണ് കൈകാര്യം ചെയ്യുന്നത്. കേരള ഹജ്ജ് കമ്മിറ്റി മുൻ കോഡിനേറ്റർ ഷാജഹാൻ ഹജ്ജ് അസിസ്റ്റൻറായി മക്കയിലുണ്ട്. ഇന്ത്യയിൽ നിന്ന് എത്തിയ 350 മെഡിക്കൽ, പാരാമെഡിക്കൽ ഉദ്യോഗസ്ഥരിൽ 12 ഡോക്ടർമാർ ഉൾപ്പടെ അമ്പതോളം മലയാളികളുണ്ട്.

2,062 പുരുഷ ഹാജിമാരും 1,650 മഹ്റമില്ലാത്തവർ (പുരുഷ സഹായമില്ലാതെ എത്തിയവർ) ഉൾപ്പെടെ 3,704 വനിതാ ഹാജിമാരുമടക്കം 5,765 തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. മലപ്പുറം സ്വദേശിയായ ഒരു തീർഥാടകൻ മദീനയിൽ മരണമടഞ്ഞിരുന്നു.