പ്രവാസികളെ ശ്രദ്ധിക്കൂ…. ബ്ലാങ്ക് പേപ്പറിലോ വായിച്ചു മനസിലാക്കാൻ കഴിയാത്ത ഭാഷകളിൽ എഴുതിയ പേപ്പറിലോ ഒരു കാരണവശാലും ഒപ്പ് വെക്കരുത്; കെഎംസിസി സൗജന്യ അദാലത്ത് നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമായി

0
4086

റിയാദ്: പ്രവാസികൾ അറിയാതെ വന്നു പോകുന്ന വഞ്ചനകളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അകാരണമായി ബ്ലാങ്ക് പേപ്പറിലോ വായിച്ചു മനസിലാക്കാൻ കഴിയാത്ത ഭാഷകളിൽ എഴുതിയ പേപ്പറിലോ ഒരു കാരണവശാലും ഒപ്പ് വെക്കരുതെന്നും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ മുന്നറിയിപ്പ് നൽകി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിഗിന്റെ നേദൃത്വത്തിൽ റിയാദിൽ ഏകദിന സൗജന്യ അദാലത്ത് ക്യാംപിൽ ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹഹം. അനാവശ്യ സാമ്പത്തിക ഇടപാടുകൾക്ക് ആരും ജാമ്യം നിൽക്കരുതെന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം ഉണർത്തി.

റിയാദിൽ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിഗിന്റെ നേതൃത്വത്തിൽ റിയാദിൽ ഏകദിന സൗജന്യ അദാലത്ത് ക്യാംപ് സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമാകുന്നതായിരുന്നു ക്യാംപ്.

വ്യത്യസ്തങ്ങളായ നിയമ സാമ്പത്തിക ജോലി പ്രശ്നങ്ങളിൽ അകപ്പെട്ട നൂറോളം ആളുകൾക്ക് ആവശ്യമായ നിയമ നിർദേശങ്ങൾ നൽകാനും ഒട്ടേറെ കേസുകൾക്ക് ക്യാംപിൽ വെച്ച് തന്നെ തീർപ്പ് കൽപ്പിക്കാനും സാധിച്ചു. അകാരണമായി സ്പോൺസർ ഹുറൂബാക്കിയ കേസുകൾ, ഇഖാമ പുതുക്കാതെ കാലാവധി തീർന്ന കേസുകൾ, വർഷങ്ങളായി റീ എൻട്രി കൊടുക്കാതെ നാട്ടിൽ പോകാൻ കഴിയാത്ത കേസുകൾ, സ്പോൺസർ അനാവശ്യ കേസുകൾ കൊടുത്ത് പ്രയാസപ്പെടുന്നവർ, എക്സിറ്റ് അടിച്ചു കാലാവധി തീർന്നു നാട്ടിൽ പോകാൻ പ്രയാസപ്പെടുന്നവർ ഇത്തരത്തിലുള്ള കേസുകളാണ് റിപ്പോർട്ട് ചെയ്തതിലധികവും.

ക്യാംപിന് മുന്നോടിയായി പ്രശ്നങ്ങളിൽ അകപ്പെട്ട ഇന്ത്യൻ സമൂഹത്തിന്നായി നടന്ന ബോധവത്കരണ ക്ലാസിൽ റഫീഖ് പുല്ലൂർ നേതൃത്വം നൽകി. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ്‌ വേങ്ങര ഉദ്ഘാടനം നിർവഹിച്ചു. വെൽഫെയർ വിംഗ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. കെഎംസിസി നഷണൽ കമ്മറ്റി നേതാക്കളായ കോയാമുഹാജി, ഉസ്മാനലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്കര, മൊയ്തീൻകുട്ടി തെന്നല, ജില്ലാ സെക്രട്ടറി അസീസ് വെങ്കിട്ട, വെൽഫെയർ വിംഗ് വളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ് നടത്തിയത്. ട്രഷറർ റിയാസ് തിരൂർക്കാട് നന്ദി പറഞ്ഞു