ഇന്ത്യയിൽ സ്വർണ്ണ വില വർധിക്കും, ഗൾഫിൽ ഡിമാൻഡ് വർധിക്കും; ഇന്ത്യയും ഗൾഫും തമ്മിൽ 12 മുതൽ 15 ശതമാനം വരെ വില വ്യത്യാസം

0
2660

ദുബൈ: സ്വർണത്തിന്‍റെ ഇറക്കുമതി തീരുവയിൽ അഞ്ചു ശതമാനം വർധന വരുത്തി കേന്ദ്രസർക്കാറിന്‍റെ തീരുമാനം ഇന്ത്യയിൽ സ്വർണ വില വർധിക്കാൻ ഇടയാക്കുമെന്നും കുറഞ്ഞ വിലയിൽ സ്വർണ്ണം ലഭിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്വർണ്ണക്കടത്ത് വർധിക്കുമെന്നും ആക്ഷേപം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവിൽ 7.5 ശതമാനമാണ് ഇന്ത്യയിൽ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ. ഇത് 12.5 ശതമാനമായാണ് ഉയരുന്നതോടെ ഇന്ത്യയും ഗൾഫും തമ്മിൽ 12 മുതൽ 15 ശതമാനം വരെ വിലവ്യത്യാസം വരും.

ഇന്ത്യയിൽ സ്വർണ്ണവില ഉയരുന്നതോടെ യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിക്കുനതാണ് സ്വർണക്കടത്ത് വർധിക്കാനും ഇടയാക്കുമെന്ന ആക്ഷേപം ഉയരുന്നത്.

ഗൾഫിൽനിന്ന് സ്വർണം വാങ്ങി നാട്ടിലെത്തിക്കുന്ന പ്രവാസികൾ നിരവധിയുണ്ട്. ഇന്ത്യയിൽ വില വർധിക്കുന്നതോടെ ഗൾഫിൽനിന്ന് വാങ്ങുന്നവരുടെ എണ്ണം കൂടുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ 7.5 ശതമാനമാണ് ഇന്ത്യയിൽ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ. ഇത് 12.5 ശതമാനമായാണ് ഉയരുന്നത്. ഇതോടെ ഒരു കിലോ സ്വർണത്തിന് 2.5 ലക്ഷം രൂപയുടെ അധികനികുതി അടക്കേണ്ടിവരുമെന്നാണ് കണക്ക് കൂട്ടുന്നത്. 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹിക ക്ഷേമ സർച്ചാർജ് ഉൾപ്പെടെ 15.75 ശതമാനമാണ് സ്വർണത്തിന്‍റെ ആകെ നികുതി.

രാജ്യത്തുടനീളം വലിയ തോതിൽ സ്വർണം കടത്തുന്നതായി കണ്ടെത്തിയ കസ്റ്റംസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് 2021ൽ സർക്കാർ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചത്. 12.5 ശതമാനത്തിൽനിന്ന് 7.5 ശതമാനമാക്കിയാണ് കുറച്ചത്. 2019 ലെ ബജറ്റിൽ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു.തുടർന്ന് ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചത്.

പണപ്പെരുപ്പം പിടിച്ചു നിർത്തുകയെന്ന ലക്ഷ്യത്തോടെ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 7.5 ൽ നിന്നും 12.5 ആയി കേന്ദ്ര സർക്കാർ ഉയർത്തുന്നത് നിക്ഷേപത്തിന് സ്വർണം കൂടുതലായി വാങ്ങുന്നത് തടയാൻ കൂടിയാണ് ഇത്. ഇറക്കുമതി കൂടുന്നതിനാൽ രൂപയുടെ മൂല്യം ഇടിയുന്നു. ഈ സാഹചര്യത്തിൽ രൂപയുടെ വിപണനം കുറയ്ക്കുക കൂടി ഇതിന്റെ ലക്ഷ്യമാണ്. വിലക്കയറ്റം കാരണം റിസർവ്വ് ബാങ്ക് ഈ മാസം പലിശ നിരക്കുയർത്തിയിരുന്നു. പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ ഡിമാൻഡ് കുറയുന്നതു മുന്നിൽക്കണ്ട് കൂടുതൽ വരുമാനമുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലെ ഉപഭോഗത്തിനായി ഭൂരിഭാഗവും സ്വർണം ഇറക്കുമതി ചെയ്യുകയാണ്. രൂപയുടെ വില നിലതെറ്റി താഴോട്ട് പോകുന്നു. അതുകൊണ്ട് കടുത്ത നടപടികൾ അനിവാര്യതയാണ്. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ധന വിലയെ പോലും ബാധിക്കും. ഇത് മനസ്സിലാക്കിയാണ് ഇറക്കുമതി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത്. തീരുവ വർധിപ്പിച്ചതോടെ മൾട്ടി കമ്മോദിറ്റി എക്‌സ് ചേഞ്ചിൽ 3 ശതമാനം ഉയർന്നാണ് സ്വർണ വ്യാപാരം നടക്കുന്നത്.

കുറച്ചു ദിവസങ്ങളായി കുറഞ്ഞു നിന്നിരുന്ന സ്വർണ വില പെട്ടെന്ന് ഉയരുന്നത് കല്യാണ, ഉൽസവ സീസണുകളിൽ പ്രതിസന്ധിയാകും. തീരുവ ഉയർത്തിയതോടെ സംസ്ഥാനത്തും സ്വർണ വില കുത്തനെ ഉയർന്നു. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഇതോടെ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.