ഇറാനിൽ ഭൂകമ്പം; ഗൾഫ് രാജ്യങ്ങളിൽ പ്രകമ്പനം

0
2531

അബുദാബി: ദക്ഷിണ ഇറാനിലുണ്ടായ ശക്‌തമായ ഭൂചലനത്തിന്റെ പ്രകമ്പനം ഗൾഫ്‌ രാജ്യങ്ങളിലും അനുഭവപെട്ടു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുലർച്ചെ 1.32ന് ബന്ദറെ ഖാമിറിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ് ഭൂകമ്പ മാപിനിയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഇറാന്റെ തെക്കൻ പ്രദേശങ്ങളിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് (ശനിയാഴ്ച) പുലർച്ചെ ഉണ്ടായതായി യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയും അറിയിച്ചു. യു.എ.ഇ.യുടെ വിവിധ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടതായി കേന്ദ്രം സ്ഥിരീകരിച്ചെങ്കിലും രാജ്യത്തെ ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, വിവിധ സമയങ്ങളിൽ തുടർ ചലനങ്ങൾ ഉണ്ടായതാണ് യു എ ഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്നലെ രാത്രി 11.28, ഇന്ന് പുലർച്ചെ 01.32, 02.43, 03.13, 03.24, 05.14, എന്നിങ്ങനെയാണ് ചലനങ്ങൾ ഉണ്ടായതെന്ന് എൻ സി എം അറിയിച്ചു. ഇതിൽ രണ്ട് ചലനങ്ങൾ മാത്രമാണ് ആറിന് മുകളിൽ തീവ്രത രേഖപെടുത്തിയത്.

യുഎഇ യെ കൂടാതെ, ബഹ്റൈന്‍, സഊദി അറേബ്യ, ഖത്തര്‍, ഒമാൻ, പാക്കിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപോർട്ട്‌. യുഎഇയിലെ ദുബയ്, ഷാർജ, അജ്‌മാൻ, ഉമ്മുൽ ഖുവൈൻ,റാസ് അൽ ഖൈമ മേഖലകളിൽ പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ മറ്റ് തരത്തിലുള്ള ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.