ബ്രിട്ടൻ to മക്ക; കാൽ നടയായി മക്കയിലെത്തിയ ആവേശത്തിൽ ആദം മുഹമ്മദ്‌, ഇത്രയും ദൂരം താണ്ടിയത് സൗരോർജ്ജ സംവിധാനം സജ്ജീകരിച്ച ഉന്തു വണ്ടിയുമായി

0
7038

മക്ക: പത്ത് മാസത്തിലേറെയായി കാൽനടയായി യാത്രചെയ്ത് ബ്രിട്ടനിൽ നിന്ന് ആദം മുഹമ്മദ്‌ വിശുദ്ധ മക്കയിൽ എത്തി. മൈലുകൾ താണ്ടിയുള്ള ജൈത്ര യാത്ര നടത്തി ഒടുവിൽ വിശുദ്ധ നഗരിയിൽ എത്തിയ ആവേശത്തിലാണ് 52 കാരനായ ഇറാഖി പൗരനായ സഞ്ചാരി ആദം മുഹമ്മദ്‌. മക്കയിൽ എത്തിയ ആദം മുഹമ്മദിനെ സ്വദേശികളും വിദേശികളും ആഹ്ലാദത്തോടെയാണ് വരവേറ്റത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2021 ആഗസ്റ്റ് ഒന്നിന് രാത്രി എട്ടിന് വോള്‍വര്‍ഹാംപ്ടണില്‍ നിന്നാണ് കാല്‍നടയായി ‘സമാധാന യാത്ര’ ആരംഭിച്ചത്. സഊദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് സഞ്ചരിച്ചത്. 4,000 മൈല്‍ ദൂരം കാല്‍നടയായി മരുഭൂമികളും ദുര്‍ഘടമായ വഴികളും കടലുകളും യുദ്ധഭൂമികളും കടന്നാണ് പുണ്യനഗരമായ മക്കയിലേക്ക് പ്രവേശിച്ചത്.

ഹജ്ജ് നിർവഹിക്കാൻ ബ്രിട്ടനിൽ നിന്നാണ് ആദം മുഹമ്മദ് യാത്ര തിരിച്ചത്. കൃത്യമായി പറഞ്ഞാൽ ആദം മുഹമ്മദ് ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്കുള്ള യാത്രക്കായി ചിലവഴിച്ചത് 10 മാസവും 25 ദിവസവുമാണ്. ബ്രിട്ടനിൽ നിന്ന് തുടങ്ങിയ മക്കയിലേക്കുള്ള കാൽനട യാത്ര 11 രാജ്യങ്ങളിലൂടെയാണ് കടന്നുപോയത്.

സൗരോര്‍ജ സംവിധാനത്തോടെ സജ്ജീകരിച്ച ഉന്തുവണ്ടി തള്ളിയാണ് യാത്ര ചെയ്തിരുന്നത്. യാത്രാ സാമഗ്രികകളും അവശ്യവസ്തുക്കളും വഹിച്ച ഉന്തുവണ്ടി തന്നെയാണ് സുദീര്‍ഘമായ യാത്രക്കിടെ വിശ്രമത്തിനും മറ്റും ഉപയോഗിച്ചിരുന്നത്. കിടപ്പറയുള്ള ഉന്തുവണ്ടിയില്‍ ഭക്ഷണം പാകം ചെയ്യാനുള്ള പൂര്‍ണ സൗകര്യങ്ങളുമുണ്ട്. ഉത്തര അതിര്‍ത്തി വഴി കഴിഞ്ഞ റമദാനിലാണ് സഊദിയില്‍ പ്രവേശിച്ചത്.

മക്കയിലെ തൻഈമിലുള്ള ആഇശ മസ്ജിദിൽ എത്തിച്ചേർന്നപ്പോൾ മസ്ജിദിൽ സന്നിഹിതരായ നിരവധി മക്ക നിവാസികളും തീർഥാടകരും സന്തോഷം പ്രകടിപ്പിച്ചു. “ഹജ്ജ് തീർത്ഥാടനം പരമോന്നതമാണ്. ഒപ്പം എന്റെ പ്രിയപ്പെട്ട ആഗ്രഹവും” മക്കയിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. സഊദി അറേബ്യയിൽ എത്തിയതിന് ശേഷം തന്നോട് ഔദാര്യം കാണിക്കുന്ന രാജ്യത്തിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. സോഷ്യൽ മീഡിയയിൽ തൻഈമിൽ ജനങ്ങൾ അദ്ദേഹത്തെ ആലിംഗനം ചെയ്തും സന്തോഷ ചുംബനങ്ങൾ അർപ്പിച്ചും വരവേൽക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.

രണ്ടു മാസം മാത്രമെടുത്താണ് തീര്‍ഥാടന യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇക്കാര്യത്തില്‍ ഒരു ബ്രിട്ടീഷ് സംഘടന ആവശ്യമായ സഹായങ്ങള്‍ നല്‍കി. സംശയം തോന്നി ഏതാനും രാജ്യങ്ങളില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞതൊഴികെ സുദീര്‍ഘമായ യാത്രക്കിടെ മറ്റു പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടില്ലെന്നും 52 കാരനായ ആദം മുഹമ്മദ് പറഞ്ഞു.