ജിദ്ദ: പ്രകൃതിയെയും പരിസ്ഥിതിയെയും അറിയുന്നതിലൂടെ ദൈവത്തിന്റെ സൃഷ്ടിവൈവിധ്യങ്ങളെപ്പറ്റിയുള്ള കൂടുതൽ അറിവുകൾ നേടുകയും അതിലൂടെ യഥാർത്ഥ ദൈവവിശ്വാസമുള്ളവരായി മാറുമെന്ന് ഡോ ഇസ്മയിൽ മരിതെരി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച ‘അഫിനിറ്റി വിത്ത് നേച്ചർ’ എന്ന സെഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രകൃതയിലേക്കും ഗൃഹാതുരത്വത്തിലേക്കും മടങ്ങും തോറും ജീവിതത്തിനും ജീവിത വിഭവങ്ങൾക്കും രുചിയും മധുരവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതു തലമുറക്ക് ഇത്തരം സന്ദേശങ്ങൾ പകർന്നു കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതുതലമുറക്ക് ലഭിക്കാതെ പോവുന്ന പഴയ പ്രകൃതി ആസ്വാദനങ്ങളുടെ ഓർമകൾ അദ്ദേഹം സദസ്സുമായി പങ്കു വെച്ചു. മഴയും വെയിലും പോലെ പ്രകൃതിയുടെ ഋതുവിന്യാസങ്ങൾ ആസ്വദിക്കാനും അനുഭവിക്കാനും കുട്ടികൾക്ക് അവസരം നൽകണം. അതിലൂടെ പ്രതിരോധ ശേഷി വർധിക്കുകയും ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ അവർ പ്രാപ്തി നേടുകയും ദൈവവചനങ്ങൾ യഥാവിധി മനസ്സിലാക്കുകയും ചെയ്യുന്നു. പ്രകൃതി സ്പന്ദനകളും ചലനങ്ങളും അനുഭവിക്കുന്നതിലൂടെ നേടുന്ന അറിവുകൾ ഏതൊരു നവീന ശാസ്ത്രവിവരങ്ങളെക്കാളും വലുതാണ്. ആകാശഭൂമികളെയും പ്രകൃതിയിലെ വൈവിധ്യമാർന്ന സൃഷ്ടിപ്പുകളെയും വിവിധ കോണുകളിൽ നിന്ന് നിരീക്ഷിക്കുകയും ആസ്വദിക്കുകയും വേണം. അതിലൂടെ ദൈവ അസ്തിത്വത്തെപറ്റിയും ദൈവാനുഗ്രഹങ്ങളെപ്പറ്റിയും ബോധമുള്ളവരാവുകയും വിനീതരായ വിശ്വസികളായി മാറുകയും ചെയ്യുന്നുവെന്നും അദ്ദേഹം ഉണർത്തി.
പരിസ്ഥിതിയെയോ കാലാവസ്ഥാ വ്യതിയാനങ്ങളെയോ പഴി ചാരുന്നത് യുക്തിരഹിതമാണെന്നും ഏതു കാലാവസ്ഥയും മനുഷ്യ ജീവനത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിശ്വാസി എന്ന നിലക്ക് പരിസ്ഥിതിയുടെ തനത് പ്രക്രിയക്ക് തടസ്സം നിൽക്കുന്ന പ്രവർത്തികൾ ചെയ്യാൻ പാടുള്ളതല്ല എന്നും അദ്ദേഹം ഓർമപ്പെടുത്തി.
പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ച പാഴ് വസ്തുക്കളിൽ നിന്നുള്ള കരകൗശല നിർമ്മിതികളുടെ പ്രദർശനവും മത്സരവും ശ്രദ്ധേയമായി. റെജ മുബാറക്, ഫർസാന മുബാറക്, ഹബീബ ജൈസൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജൈസൽ അബ്ദുറഹ്മാൻ സ്വാഗതവും ശഫീക് പട്ടാമ്പി നന്ദിയും പറഞ്ഞു