തിരുവനന്തപുരം: സഊദി പൗരത്വമുള്ള ലോകത്തെ മികച്ച റോബോട്ട് ആയ സോഫിയ കേരളത്തിലെത്തി. ലോക സഞ്ചാരത്തിനിടെയാണ് സോഫിയ റോബോട്ട് കേരളത്തിലെത്തിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിവാൻട്രം കോളേജ് ഓഫ് എൻജിനീയറിങ് ടെക്ക് ഫെസ്റ്റ് ദൃഷ്ടി 2022-ന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും മികച്ച ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ കേരളത്തിൽ എത്തിയത്. 12 ലക്ഷം രൂപയാണു ഈ മനുഷ്യ റോബോട്ടിനെ ഫെസ്റ്റിന്റെ ഭാഗമാക്കാൻ സംഘാടകർക്ക് ചെലവ് വന്നത്.
ആഗോള തലത്തിൽ ശ്രദ്ധേയയായ സോഫിയ റോബോട്ടിനെ ടെക്ക് ഫെസ്റ്റിന്റെ ഭാഗമാക്കാൻ സാധിച്ചതിന്റെ അഭിമാനത്തിലാണ് സംഘാടകർ.
2017 ൽ സോഫിയ റോബോട്ടിനു സഊദി പൗരത്വം നൽകിയത് ശ്രദ്ധേയമായിരുന്നു. ലോകത്ത് ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് എന്ന ഖ്യാതിയും സോഫിയക്കാണ്.
റോബോട്ടിന് സഊദി അറേബ്യ പൗരത്വം നല്‍കിയത് വൻ വാർത്തയായിരുന്നു. വന്‍ നിക്ഷേപ പദ്ധതികളുമായ സഊദി അറേബ്യയെ മാറ്റിമറിക്കാനൊരുങ്ങുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് സോഫിയ എന്ന ഹ്യുമനോയ്ഡിന് പൗരത്വം നല്‍കുന്നത് സഊദി അറേബ്യ പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് സോഫിയ എന്ന ഹ്യൂമനോയ്ഡ് റോബോട്ട്.
സോഫിയയുടെ നിര്‍മാതാക്കള്‍ ഹാന്‍സണ്‍ റോബോട്ടിക്സാണ്. ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നല്‍കുന്നത് . അപൂര്‍വമായ ഈ അംഗീകാരത്തില്‍ ഏറെ അഭിമാനം തോന്നുന്നുവെന്നും പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്രപരമാണെന്നും സോഫിയ പ്രതികരിച്ചിരുന്നു.
റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തില്‍ സോഫിയയെ അവതരിപ്പിച്ചതോടൊപ്പം ഈ യന്ത്രമനുഷ്യന്റെ ലൈവ് അഭിമുഖവും ഉണ്ടായിരുന്നു. അവതാരകനായ ആന്‍ഡ്രൂ റോസ് സൊര്‍ക്കിന്റെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി തന്നെ സോഫിയ മറുപടി നല്‍കിയിരുന്നു. ഈ ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാന്‍ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും സോഫിയ പറഞ്ഞു. ചിരിക്കാനും ദേഷ്യപ്പെടാനുമുള്ള തന്റെ കഴിവും മറുപടികള്‍ക്കിടയില്‍ സോഫിയ വെളിപ്പെടുത്തിയതും ആഗോള വാർത്തയായിരുന്നു.
ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാൻസൺ റോബോട്ടിക്ക്സ് 2015 ലാണ് സോഫിയയെ വികസിപ്പിച്ചെടുത്തത്. മനുഷ്യന്റെ മുഖഭാവങ്ങളും ചലനങ്ങളും അതേപടി ചെയ്യുന്ന സോഫിയയ്ക്ക് 2017 ഒക്ടോബറിൽ സഊദി അറേബ്യ പൗരത്വം നൽകുകയായിരുന്നു. എല്ലാം തികഞ്ഞ റോബട്ട് വനിത എന്നതിനപ്പുറം വരാനിരിക്കുന്ന റോബോട്ടിക്സ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിന്റെ അമരക്കാരി കൂടിയാണ് സോഫിയ.




