ജിസാൻ: ജിദ്ദയിൽ നിന്നും ജിസാനിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ പെട്ട് ഗുരുതര പരിക്കേറ്റ മലയാളിക്ക് സുഹൃത്തുക്കളുടെ കരുതൽ.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൈകാലുകൾക്ക് ഗുരുതരപരിക്കുമായി ബെയ്ഷ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച മലപ്പുറം വേങ്ങര സ്വദേശി അഷ്റഫ് പുള്ളാട്ട് (57) നെയാണ് കെഎംസിസി സഹായത്തോടെ കഴിഞ്ഞദിവസം നാട്ടിലെത്തിച്ചത്.
ഇക്കഴിഞ്ഞ പതിമൂന്നിന് ബെയ്ഷിൽ വെച്ച് കാറുമായി ഉരസി നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. 30 വർഷമായി സഊദിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
അപകടസമയത്ത് കൂടെയുണ്ടായിരുന്ന മകൻ ഫഹദ് പരിക്കുകളൊന്നും കൂടാതെ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. ഹോസ്പിറ്റലിൽ അദ്ദേഹത്തിന്റെ പരിചരണത്തിന് (സഹോദരൻ) അസ്കർ,(മകൻ) ഫഹദ്, (സുഹൃത്ത്) അഷ്റഫും കൂടെയുണ്ടായിരുന്നു
നാട്ടിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള നിയമനടപടികൾ പൂർത്തീകരിക്കുന്നതിനുവേണ്ടി സഊദിയിലുള്ള ഇദ്ദേഹത്തിന്റെ സുഹൃത്ത് മുഹമ്മദ് കുട്ടി കുനിയിൽ, സ്പോൺസർ അഹമ്മദ് മുഹമ്മദ് അലി, സഊദി പൗരൻ അലി ഇബ്രാഹിം ഹാശ്മി, കെ എം സി സി നേതാക്കളായ ഹാരിസ് കല്ലായി, ഷംസു പൂക്കോട്ടൂർ, ഷമീൽ വലമ്പുർ, സുൽഫിക്കർ വെള്ളിയഞ്ചേരി എന്നിവർ സഹായത്തിനുണ്ടായിരുന്നു.
സുഹൃത്തും സാമൂഹിക പ്രവർത്തകനുമായ കുനിയിൽ മുഹമ്മദ് കുട്ടിയുടെ ഇടപെടലിലൂടെയാണ് പെട്ടന്ന് എയർ സ്ട്രക്ചർ സൗകര്യം ലഭ്യമായത്. ബെയ്ഷ് ജനറൽ ഹോസ്പിറ്റലിൽ നിന്നും ജിസാൻ വിമാനത്താവളം വഴിയാണ് കൊച്ചി വിമാനത്താവളത്തിലേക്ക് അഷ്റഫിനെ എത്തിച്ചത്. ഫിറോസ് വെള്ളിയഞ്ചേരി അഷ്റഫിന്റെ മകൻ ഫഹദും യാത്രയിൽ കൂടെ ഉണ്ടായിരുന്നു.
കൊച്ചി വിമാനത്താവളത്തിൽ അഷ്റഫിന്റെ ബന്ധുക്കൾ അദ്ദേഹത്തെ സ്വീകരിച്ച് തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സഹായിച്ച എല്ലാവർക്കും അഷ്‌റഫ് നന്ദി അറിയിച്ചു.