ജിദ്ദ: ‘നന്മയിൽ നാൽപ്പതാണ്ട്’ എന്ന തലക്കെട്ടിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ സംഘടിപ്പിക്കുന്ന നാൽപ്പതാം വാർഷിക പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മുതിർന്ന മാധ്യമ പ്രവർത്തകനും അറബ് ന്യൂസ് മാനേജിങ് എഡിറ്ററുമായ സിറാജ് വഹാബ് നിർവ്വഹിച്ചു.
സമൂഹത്തിൽ ധാർമ്മിക മൂല്യങ്ങൾ പകർന്ന് നൽകുന്നതോടൊപ്പം, ക്രിയാത്മക സമൂഹത്തെ സൃഷ്ടിക്കാനാവശ്യമായ നിർമാണാത്മക പ്രവർത്തനങ്ങൾക്കും ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നേതൃത്വം നൽകിയെന്നും ഇത് മുഴുവൻ ഇന്ത്യൻ സമൂഹത്തിനും മാതൃകയാണെന്നും സിറാജ് വഹാബ് അഭിപ്രായപ്പെട്ടു. ഇസ്‌ലാഹി സെൻ്ററിൻ്റെ കീഴിൽ തൊണ്ണൂറുകളിൽ രൂപീകരിച്ച ഇന്ത്യൻ സ്കൂൾ പാരൻറ്സ് ഫോറം (ഇസ്പാഫ്) നിരന്തരമായി സ്കൂൾ മാനേജ്‌മെന്റുമായി ബന്ധപ്പെടാനും സ്കൂളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നടത്തിയ ശ്രമങ്ങൾക്ക് താൻ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർത്ഥം ഗ്രഹിക്കാതെ ഖുർആൻ മനഃപാഠമാകുന്നതിനേക്കാൾ ഉത്തമമാണ് ആശയങ്ങൾ മനസിലാക്കുകയും സമൂഹത്തിലേക്ക് പകർന്നു നൽകുകയും ചെയ്യുന്നത് എന്ന് തുടർന്ന് സംസാരിച്ച ഇസ്‌ലാഹി സെന്റർ ഡയറക്ടർ ശൈഖ് ഹമൂദ് മുഹമ്മദ് അൽ ശിമരി പറഞ്ഞു. സഊദിയിലെ പ്രവാസികളിൽ മികച്ച സമൂഹമാണ് കേരളീയ സമൂഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലുഷിതമായ വർത്തമാന ചുറ്റുപാടിൽ ജീവിതത്തിൽ ദൈവീക സ്മരണകൾ വർധിപ്പിക്കണമെന്ന് ഇസ്‌ലാഹി സെന്റർ മുഖ്യ രക്ഷാധികാരി ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി ഉപദേശിച്ചു.
കെ.എൻ.എം മർകസുദ്ദഅവ സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ മുഖ്യ പ്രഭാഷണം നടത്തി. കെ. എൻ. എം മർകസുദ്ദഅവ ജനറൽ സെക്രട്ടറി സി.പി ഉമർ സുല്ലമി, ഇസ്‌ലാഹി സെന്റർ മുൻ പ്രബോധകനും കെ.എൻ.എം. മർകസുദ്ദഅവ ട്രഷററുമായ അഹമ്മദ് കുട്ടി മദനി തുടങ്ങിയവർ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു.
ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി, അബീർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ, സക്കീർ ഹുസൈൻ എടവണ്ണ (ഒ.ഐ.സി.സി), റഫീഖ് പത്തനാപുരം (നവോദയ ജിദ്ദ) മായിൻ കുട്ടി (മീഡിയ ഫോറം) അമീറലി (ഗ്ലോബൽ ബ്രിഡ്ജ് കമ്പനി) നജീബ് കളപ്പാടൻ (ഇ എഫ് എസ് ലോജിസ്റ്റിക്), മജീദ് നഹ (എം.എസ് .എസ്) സി. എച് ബഷീർ (കെ ഐ ജി) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സഫറുല്ലഹ് (കെ.ഐ.ജി), ഡോ. ഫൈസൽ (ഇസ്പാഫ്) തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പരിപാടിയിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പൻ അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ സ്വലാഹി ഖുർആൻ പാരായണം നടത്തി. ട്രഷറർ സലാഹ് കാരാടൻ ‘ഇസ്‌ലാഹി ഇന്നലെകളിൽ പിന്നിട്ട നാഴികക്കല്ലുകൾ’ സദസ്സിനെ പരിചയപ്പെടുത്തി. പ്രോഗ്രാം കൺവീനർ അബ്ദുൽ റഷാദ് കരുമാര സ്വാഗതവും ജനറൽ സിക്രട്ടറി ശക്കീൽ ബാബു നന്ദിയും പറഞ്ഞു.