വിവരമുള്ളവര്‍ക്ക് അതെല്ലാം വെറും അസംബന്ധമാണെന്ന് അറിയാം: സംഘപരിവാര്‍ ബഹിഷ്‌കരണ ആഹ്വാനത്തിൽ പ്രതികരണവുമായി ഖത്തർ എയർവേയ്സ്‌

0
1449

ദോഹ: സംഘപരിവാര്‍ അനുകൂലികള്‍ ആഹ്വാനം ചെയ്ത ഖത്തര്‍ എയര്‍വേയ്‌സ് ബഹിഷ്‌കരണത്തില്‍ പ്രതികരണവുമായി കമ്പനി സി.ഇ.ഒ അക്ബര്‍ അല്‍ബകര്‍. ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍, വിവരമുള്ളവര്‍ക്ക് അതെല്ലാം വെറും അസംബന്ധമാണെന്ന് അറിയാമെന്നാണ് അക്ബര്‍ അല്‍ബകര്‍ പ്രതികരിച്ചത്.

അക്ബര്‍ അല്‍ബകര്‍ ദ് ഹിന്ദുവിന് നല്‍കിയ പ്രതികരണം: ”തെറ്റിദ്ധരിക്കപ്പെട്ട വ്യക്തികളാണ് അത്തരം പ്രചാരണം നടത്തിയത്. അതേക്കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഇതില്‍ കമ്പനിക്ക് ആശങ്കയില്ല. ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, വിവരമുള്ളവര്‍ക്ക് അതെല്ലാം വെറും അസംബന്ധമാണെന്ന് അറിയാം.”

ബിജെപി നേതാക്കളായ നുപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ നടത്തിയ പ്രവാചകനിന്ദ പരാമര്‍ശത്തിനെതിരെ ആദ്യം പ്രതികരിച്ചെത്തിയ രാജ്യമായിരുന്നു ഖത്തര്‍. ദോഹയിലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഖത്തര്‍ എയര്‍വേയ്‌സ് ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ അനുഭാവികള്‍ ക്യാമ്പയിന്‍ ആരംഭിച്ചത്.

എന്നാൽ, ആഗോള വിമാന കമ്പനികളിൽ ഒന്നായ ഖത്തർ എയർവെയ്‌സിനെതിരെയുള്ള സംഘ പരിവാരത്തിന്റെ ബഹിഷ്കരണ ആഹ്വാനം പിന്നീട് അവർക്കെതിരെ തന്നെ തിരിഞ്ഞു കൊത്തുകയും ബഹിഷ്‌കരണ ആഹ്വാനം നടത്തിയവരുടെ വിവരവും മറ്റും സോഷ്യൽ മീഡിയകളിൽ ചിരി ചർച്ചയാവുകയും ബഹിഷ്‌കരണ ആഹ്വാനം നടത്തുന്ന കാംപയിനിലെ അക്ഷര പിശക് വരെ ഏറെ ചിരി പടർത്തുകയും ചെയ്‌തിരുന്നു.