റിയാദ്: സഊദിയിൽ സ്റ്റേഡിയം പ്രവേശനത്തിനുള്ള പ്രോട്ടോക്കോളുകൾ സഊദി കായിക മന്ത്രാലയം അപ്ഡേറ്റ് ചെയ്തു. സ്‌പോർട്‌സ് മന്ത്രാലയ ഔദ്യോഗിക വക്താവ് ഡോ: റജാഅള്ളാ അൽ സുല്ലമി ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കി.
സ്റ്റേഡിയങ്ങളിലേക്കും കായിക സൗകര്യങ്ങളിലേക്കും പ്രവേശിക്കുന്നതിന് മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത പ്രോട്ടോക്കോളുകൾ പ്രസ്താവനയിൽ വ്യക്തമാക്കി.
അപ്‌ഡേറ്റുകൾ അനുസരിച്ച്, സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിന് ആരാധകർക്ക് ഇനി തവക്കൽന ആപ്പിൽ ‘ഇമ്യൂൺ’ സ്റ്റാറ്റസ് ആവശ്യമില്ല, മാത്രമല്ല അവർ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകേണ്ടതുമില്ല.
തുറന്നതും അടച്ചതുമായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ല, എന്നാൽ സുരക്ഷ നിലനിർത്താൻ ആവശ്യമായ അടച്ച സ്ഥലങ്ങളിൽ ഇത് ശുപാർശ ചെയ്യുന്നു.
മാസ്‌ക് ധരിക്കുക, തവകൽന ആപ്പിൽ ആരോഗ്യനില കാണിക്കൽ എന്നിവ ഉൾപ്പെടെ സഊദി അറേബ്യയിലെ കൊവിഡ്-19 മായി ബന്ധപ്പെട്ട മിക്ക മുൻകരുതൽ നടപടികളും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നിരുന്നാലും, മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് അവബോധം വളർത്തുന്നത് തുടരേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു
പൊതു സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ, ഇവന്റുകൾ എന്നിവയിൽ പ്രവേശിക്കുന്നതിനും അതുപോലെ തന്നെ വിമാനങ്ങളിൽ കയറുന്നതിനും മറ്റ് പൊതുഗതാഗത മാർഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പും ആരോഗ്യ പരിശോധനയും ആവശ്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.




