ജിദ്ദ: ‘ കെഎംസിസി യിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക’ എന്ന പ്രമേയത്തിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന മെമ്പർഷിപ്പ് കാംപയിന് റുവൈസ് ഏരിയയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി റുവൈസ് ഹോട്ടലിൽ വെച്ച് നടന്ന കൺവെൻഷൻ കെഎംസിസി നേതാക്കളുടെ സാന്നിധ്യം കൊണ്ടും പ്രവർത്തകരുടെ വർധിച്ച പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

പരിപാടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മഹാരഥന്മാരായ മുസ്ലിം ലീഗ് നേതാക്കൾ കാണിച്ചു തന്ന മാതൃക കാത്തു സൂക്ഷിക്കണമെന്നും കേരള മുസ്ലിംകളുടെ വിദ്യഭ്യാസ സാമൂഹിക വളർച്ചക്ക് മുസ്ലിം ലീഗ് നൽകിയ സംഭാവനകൾ ആർക്കും തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ എം സി സി ചെയ്യുന്ന എണ്ണമറ്റ നല്ല കാര്യങ്ങൾ പ്രവാസ ലോകത്തെ എല്ലാവരേയും അറിയിക്കാൻ കെഎംസിസി പ്രവർത്തകർ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണ ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കണമെന്ന ഖാഇദെമില്ലത്തിൻ്റെ വാക്കുകൾ കെഎംസിസി പ്രവർത്തകർ ഉൾക്കൊള്ളണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പാർട്ടിയുടെ സന്ദേശം പ്രവാസ ലോകത്തെ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് മെമ്പർഷിപ്പ് കാംപയിൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ പറഞ്ഞു.

പരിപാടിയിൽ റുവൈസ് ഏരിയ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു.

മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡൻ്റ് ഇല്യാസ് കല്ലിങ്ങൽ, സെക്രട്ടറി സുൽഫിക്കർ ഒതായി, റുവൈസ് കെഎംസിസി ഭാരവാഹികളായ മുസ്തഫ ആനക്കയം ,സലിം കരിപ്പോൾ , മുഹമ്മദലി പന്താരങ്ങാടി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

കഴിഞ്ഞ റമദാനിൽ സമാഹരിച്ച സി.എച്ച് സെൻ്ററിൻ്റേയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റേയും കവറുകൾ റുവൈസ് ഏരിയ കെഎംസിസി ഭാരവാഹികൾ ചടങ്ങിൽ വെച്ച് സെൻട്രൽ കമ്മിറ്റി നേതാക്കൾക്ക് കൈമാറി. അതോടൊപ്പം അവശതയനുഭവിക്കുന്ന സഹപ്രവർത്തകനുള്ള ധനസഹായവും കൈമാറി.

അഷ്റഫ് എടപ്പറ്റ ഖിറാഅത് നടത്തി. റുവൈസ് ഏരിയ കെഎംസിസി വൈസ് പ്രസിഡൻ്റ് മുസ്തഫ ചെമ്പൻ സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഫിറോസ് കൊളത്തൂർ നന്ദിയും പറഞ്ഞു.





