റിയാദിൽ മലയാളി കുരുന്നിന്റെ ത്രസിപ്പിക്കും പ്രകടനം; മുട്ടുകളില്‍ വളയം കറക്കി എയ്തന്‍ ഋതു ഗിന്നസിലേക്ക്

0
3269

റിയാദ്: കാല്‍ മുട്ടുകളില്‍ വളയം കറക്കി മലയാളി ബാലികയുടെ പ്രകടനം ഗിന്നസിലേക്ക്. 30 സെക്കന്റില്‍ നൂറ്റിപ്പതിനഞ്ചിലധികം ഹുല ഹുപ് കറക്കിയാണ് റിയാദില്‍ പ്രവാസിയായ മലപ്പുറം വളളികുന്ന് ബിജേഷ് അയിലത്തിന്റെയും സുനില ബിജേഷിന്റെയും മകളായ എയ്തന്‍ ഋതു (6) മികച്ച പ്രകടനം കാഴ്ചവെച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവില്‍ 99 ആണ് റെക്കോഡ്. ഇത് ഭേദിച്ച സാഹചര്യത്തില്‍ ഗിന്നസില്‍ ഇടം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഹുല ഹൂപ് കറക്കി നൃത്തച്ചുവടുവെക്കുന്നതിലും എയ്തന്‍ ഋതു പ്രതിഭ തെളിയിച്ചിട്ടുണ്ട് എയ്തന്‍ ഋതു.

മിഡില്‍ ഈസ്റ്റ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കൊവിഡ് കാലത്തെ വിരസത അകറ്റാനാണ് ഹുല ഹുപ് പരിശീലനം തുടങ്ങിയത്. ഇതിനിടെ ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യന്‍ ബുക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി. ഇതോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടാന്‍ പരിശീലനം ആരംഭിച്ചത്.

റിയാദ് നെസ്‌റ്റോ ഹൈപ്പര്‍ ഓഡിറ്റോറിയത്തിലാണ് ഗിന്നസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിപാടി ഒരുക്കിയത്. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തിലാണ് പ്രകടനം അരങ്ങേറിയത്. നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ ഡോ: അബ്ദുല്‍ അസീസ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സാറാ ഫഹദ് അല്‍ മുദറ എന്നിവരാണ് ഹുല ഹുപ് പ്രകടനത്തിന് സാക്ഷികളായത്.

ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപകരായ പി കെ പ്രജി, സവാദ് പി എന്നിവര്‍ സമയം രേഖപ്പെടുത്തി. ഗിന്നസ് മാനദണ്ഡങ്ങള്‍ക്ക് അസീസ് കടലുണ്ടി, സജിന്‍ നിഷാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അദൈ്വത് എയ്തന്‍ ഋതുവിന്റെ സഹോദരനാണ്. പരിപാടികള്‍ക്ക് ഷഹദ് നീലിയത്, ഇമ്രാൻ സേഠ്, മുസ്തഫ പിസി, മുഹമ്മദ് റഈസ്, ഇര്‍ഷാദ്, അബ്ദു രാമനാട്ടുകര എന്നിവര്‍ നേതൃത്വം നല്‍കി.