ഇ. ടി യെ തടഞ്ഞ സംഭവം: ബാഗ്ദാദിയ്യ കെഎംസിസി പ്രതിഷേധിച്ചു

ജിദ്ദ: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പോലീസ് വേട്ടയാടുന്നവരെ നേരിൽ കാണാൻ കാൺപൂരിലെത്തിയ ഇ.ടി മുഹമ്മദ്‌ ബഷീർ എം. പി യെ തടഞ്ഞ ഉത്തർ പ്രദേശ് പോലീസിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ ജിദ്ദ കെഎംസിസി ബാഗ്ദാദിയ ഈസ്റ്റ്‌ ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദേശങ്ങളിൽ ജീവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കാൻ ലോക ജനതക്ക് മുമ്പിൽ ഇന്ത്യയുടെ ആത്മാഭിമാനം കളങ്കപ്പെടുത്തിയ ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

കേരള സർക്കാരിനെതിരെയും സി പി എം നേതാക്കൾക്കെതിരെയും ഉയർന്നുവന്ന ഗൗരവതരമായ ആരോപണങ്ങളിൽ കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്നും യോഗം ആവശ്യപ്പെട്ടു.

ബാഗ്ദാദിയ ഇമ്പീരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഖാലിദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ലത്തീഫ് മുസ്‌ലിയാരങ്ങാടി ഉദ്ഘാടനം ചെയ്തു. മജീദ് പുകയൂർ, ടി.കെ അബ്ദുറഹ്മാൻ, അബു കട്ടുപ്പാറ, റസാഖ് പുല്പറ്റ, നിഷാംഅലി വലമ്പൂർ, സൈതലവി വയനാട് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ്‌ റഫീഖ് കൂളത്ത് സ്വാഗതവും ഷബീറലി കോഴിക്കോട് നന്ദിയും പറഞ്ഞു.