ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് ഫീസ് നിരക്കുകൾ ഹജ്ജ് മന്ത്രാലയം വെട്ടിക്കുറച്ചു

0
3830

മക്ക: ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കുന്ന ആഭ്യന്തര തീർഥാടകർക്കുള്ള പാക്കേജുകളുടെ തുക ഹജ്ജ്, ഉംറ മന്ത്രാലയം വ്യാഴാഴ്ച കുറച്ചു. ആഭ്യന്തര തീർഥാടകർക്കായി മൂന്ന് പാക്കേജുകളാണുള്ളത്. ഈ പാക്കേജുകൾക്കെല്ലാം വിലയിൽ കുറവുണ്ടാകും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യ പാക്കേജിന് 1140 റിയാലും രണ്ടാം പാക്കേജിന് 1073 റിയാലും മൂന്നാം പാക്കേജിന് 794 റിയാലുമാണ് കുറവ് വരുത്തിയത്.

മന്ത്രാലയത്തിന്റെ തീരുമാനമനുസരിച്ച്, ആദ്യ പാക്കേജിന് (ഹോസ്പിറ്റാലിറ്റി ഓർഡിനറി ക്യാമ്പുകൾ) നിരക്കുകൾ ഇപ്പോൾ 9098 റിയാൽ ആയിരിക്കും. ആദ്യ പ്രഖ്യാപന പ്രകാരം 10,238 റിയാൽ ആയിരുന്നു തുക.

പാക്കേജ് രണ്ടിന് (ഹോസ്പിറ്റാലിറ്റി അപ്‌ഗ്രേഡഡ് ക്യാമ്പുകൾ) 13,043 റിയാലിന് പകരം 11,970 റിയാൽ ആണ് പുതിയ വില, മൂന്നാമത്തെ പാക്കേജിന് (ഹോസ്പിറ്റാലിറ്റി മിന ടവേഴ്സ്) കുറഞ്ഞ വില 14,737 റിയാലിന് പകരം 13,943 ആണ്. തീർഥാടകരുടെ നഗരത്തിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ ഫീസ്, നിരക്കിൽ ഉൾപ്പെടുന്നില്ലെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. മൂല്യവർധിത നികുതിയും (വാറ്റ്) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് ഈ തുകയോടൊപ്പം അധികമായി നൽകണം.

ആഭ്യന്തര തീർഥാടകർക്കുള്ള ഇലക്ട്രോണിക് പോർട്ടൽ വഴി 2022-ലെ ഹജ്ജ് രജിസ്ട്രേഷന്റെ ആവശ്യകതകളും നടപടിക്രമങ്ങളും മന്ത്രാലയം കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ച്, 65 വയസ്സിന് മുകളിൽ പ്രായമില്ലാത്തതും സാധുവായ റെസിഡൻസി പെർമിറ്റുള്ളതുമായ ആഭ്യന്തര തീർഥാടകർക്കുള്ള രജിസ്ട്രേഷൻ മന്ത്രാലയം ജൂൺ 3 ന് ആരംഭിച്ചിട്ടുണ്ട്.

മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലാത്തവർക്കും അവരുടെ സ്റ്റാറ്റസ് അനുസരിച്ച് പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കും നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇലക്ട്രോണിക് ലിങ്ക്: https://localhaj.haj.gov.sa വഴിയോ “Eatmarna” ആപ്ലിക്കേഷൻ വഴിയോ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.

ഹജ്ജിനുള്ള രജിസ്ട്രേഷൻ ദുൽഖഅദ് 13 (ജൂൺ 12) വരെ തുടരും, സമയപരിധിക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ടവരെ വിവരം അറിയിക്കും. ഈ വർഷത്തെ ഹജ്ജിന് സംബന്ധിക്കുന്ന 10 ലക്ഷം പേരിൽ 1.5 ലക്ഷം പേരാണ് ആഭ്യന്തര തീർഥാടകർ.