ഈ വർഷം അവസാനത്തോടെ സഊദിയിൽ അഞ്ച് ലുലു മാളുകൾ കൂടി
ജിദ്ദ: ലുലു ഗ്രൂപ്പിന്റെ 233-ാമത്തെ മാൾ സഊദിയിലെ പ്രമുഖ നഗരമായ ജിദ്ദയിൽ തുറന്നു. സഊദിയിലെ 27-ാമത്തെയും ആഗോള തലത്തിൽ 233-ാമത്തെയും ഹൈപ്പർമാർക്കറ്റാണ് ജിദ്ദ അൽ റവാബിയിൽ പ്രവർത്തനമാരംഭിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലുലു ചെയർമാൻ എം എ യൂസുഫലിയടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ ജിദ്ദ-മക്ക മേയർ സ്വാലിഹ് ബിൻ അലി തുർക്കി ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി ജനറൽ റാമിസ് അൽ ഗാലിബ് എന്നിവർ സന്നിഹിതരായിരുന്നു.
170,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർമാർക്കറ്റ് ജിദ്ദയിലെ അൽ റവാബി മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. സഊദിയിൽ വളരുന്നതും ഉത്പ്പാദിപ്പിക്കുന്നതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ചെങ്കടൽ മത്സ്യം, പ്രാദേശികമായി വളർത്തുന്ന ആട്ടിൻകുട്ടികളുടെ മാംസം, സഊദി കാപ്പി, സഊദിയിൽ വളർത്തുന്ന മാമ്പഴങ്ങൾ എന്നിവയുൾപ്പെടെ പുതിയ ഹൈപ്പർ മാർക്കറ്റിൽ പ്രാദേശിക തലത്തിൽ സംഭരിച്ച കാർഷികോത്പന്നങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സഊദി ഉൽപന്നങ്ങളാണ് പുതിയ ഹൈപ്പർമാർക്കറ്റിലെ പ്രത്യേകത. സഊദിയിലെ തനതു പ്രാദേശിക പ്രാദേശിക സഊദി വിഭവങ്ങൾ തയാറാക്കുന്ന സഊദി വനിതാ ഷെഫുമാരാണ് മറ്റൊരു പ്രത്യേകത. എക്കാലത്തെയും ജനപ്രിയമായ ലുലു ഹോട്ട് ഫുഡ് സെക്ഷനിൽ ഈ വനിതാ പാചകക്കാർ സഊദിയിലെ പ്രാദേശിക രുചികരമായ ഭക്ഷണങ്ങളുടെ ഒരു നിര തയ്യാറാക്കും.

പരിസ്ഥിതിക്ക് അനുകൂലമായ കടലാസ് രഹിത ഈ ബിൽ സംവിധാനവും 427 കാറുകൾക്കായി പ്രത്യേക പാർക്കിംഗ് സ്ഥലവും ഗ്രീൻ ചെക്ക് ഔട്ട് സംവിധാനവും പുതിയ ഹൈപ്പർ മാർക്കറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജിദ്ദ അൽ റവാബിയിലേയും പരിസര പ്രദേശങ്ങളിലുമുള്ളവർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ള ഒരു ഹൈപ്പർമാർക്കറ്റ് ഒരുക്കിയതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. കൊവിഡ് കാലത്തെ വെല്ലുവിളികൾ സഊദി ഭരണാധികാരികളുടെ നേതൃത്വത്തിലുള്ള ദീർഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ തരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
മക്ക, മദീന ഉൾപ്പെടെ ഈ വർഷാവസാനത്തോടെ അഞ്ചു ഹൈപ്പർമാർക്കറ്റുകൾ കൂടി സൗദിയിൽ ആരംഭിക്കും. ഇതു കൂടാതെ ഇ– കൊമേഴ്സ് പ്രവർത്തനം കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചു ‘വിൻ എ ഡ്രീം ഹോം’ ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്. ഇതിൽ വിജയിയാവുന്നവർക്ക് ഒരു അപ്പാർട്ട്മെന്റും കൂടാതെ 30 ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് 5,000 റിയാൽ വിലയുള്ള ലുലു ഗിഫ്റ്റ് വൗച്ചറുകൾ ഉൾപ്പടെ അരലക്ഷം റിയാൽ വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിക്കും. ജിദ്ദ മേഖലയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഈ സമ്മാനപദ്ധതി ഉണ്ടായിരിക്കും.

1,000 സ്ത്രീകളുൾപ്പെടെ ലുലുവിൽ നിലവിൽ 3,200 ലധികം സ്വദേശി പൗരന്മാർ ജോലി ചെയ്യുന്നുണ്ട്. ഭാവിയിലെ വളർച്ചയ്ക്കും പരിശീലനത്തിനും രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാൻ ഈ വർഷം അവസാനത്തോടെ 4,000 സ്വദേശികൾക്കും 2023 അവസാനത്തോടെ 5,000 പേർക്കും ജോലി നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലുലു മാനേജ്മെന്റ് അറിയിച്ചു.
സഊദിയിലെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, സൗദി ഭരണകൂടം എന്നിവർക്ക് നന്ദി അറിയിക്കുന്നതായും യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു സഊദി ഡയറക്ടർ ഷെഹിം മുഹമ്മദ്, ജിദ്ദ റീജിയണൽ ഡയറക്ടർ റഫീഫ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു.




