തൃശൂർ കെഎംസിസി സീതി സാഹിബ് കർമ്മ ശ്രേഷ്ഠ പുരസ്കാരം സി പി മുസ്തഫക്ക്

0
430

റിയാദ്: കേരള നിയമസഭാ മുൻ സ്പീക്കർ മർഹും കെ.എം സീതി സാഹിബിന്റെ പേരിൽ റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മിറ്റി നൽകി വരുന്ന ഈ വർഷത്തെ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ അർഹനായി.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിൽ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നടത്തിയ നേതൃത്വപരമായ പ്രവർത്തനങ്ങൾ മാനിച്ചാണ് നാലംഗ ജൂറി അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ജൂൺ 9 ന് വ്യാഴാഴ്ച്ച റിയാദ് എക്സിറ്റ് 18ലെ സ്വലാഹിയ്യ ഇസ്തിറാഹയിൽ വെച്ച് നടക്കുന്ന ‘സർഗം 2022’ സീതി സാഹിബ് അനുസ്മരണ സമ്മേളനത്തിൽ വെച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പുരസ്‌കാര വിതരണം നടത്തുമെന്ന് സംഘാടകരായ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

തൃശ്ശൂർ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് സി എ റഷീദ്, റിയാദ് ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൾ ഖയ്യൂം ബുസ്താനി, പി കെ അബ്ദുൾ റഹീം കയ്പമംഗലം (ദമാം കെഎംസിസി), ഇബ്രാഹിം ഹാജി കരൂപ്പടന്ന (റിയാദ് കെഎംസിസി) എന്നിവരടങ്ങിയ ജൂറിയാണ് വിധി നിർണയം നടത്തിയത്.

കൊവിഡ് മഹാമാരി മൂലം കര, വ്യോമ, നാവിക പാതകൾ അടക്കപ്പെടുകയും, വ്യാപാര, തൊഴിലിടങ്ങളിൽ അപ്രതീക്ഷിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തപ്പോൾ താളം തെറ്റിയ സാധാരണ പ്രവാസികളെ ചേർത്ത് പിടിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ പ്രവാസലോകത്തെ മറ്റ് സാമൂഹ്യ പ്രവർത്തകർക്ക് മാതൃകയായിരുന്നുവെന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി.

ആലംബമറ്റ ജീവിതങ്ങളുടെ കണ്ണീരൊപ്പാൻ ഇരുട്ടിന്റെ ഇടനാഴിയിലെ വെളിച്ചക്കീറുപോലെ കെഎംസിസി എന്ന പ്രസ്ഥാനത്തിന്റെ മുന്നിൽ നിന്ന്ധൈര്യം നൽകി പ്രാപ്തമാക്കിയത് സിപി മുസ്തഫയുടെ നിശ്ചയദാർഢ്യമായിരുന്നു. റിയാദിൽ അവശ്യമരുന്നുകളും, ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകളും ആവശ്യാനുസരണം വിതരണം ചെയ്യാനും, ആംബുലൻസ് സേവനവും, മയ്യിത്ത് പരിപാലനവും നടത്തുന്നതിനും, ചാർട്ടേർഡ് ഫ്ലൈറ്റ് സർവ്വീസ് ഏർപ്പെടുത്തുവാനും ഓൺലൈനിലൂടെ ആരോഗ്യ കൗൺസിലിംഗ് അടക്കമുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാനും കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കെഎംസിസിക്ക് സാധിച്ചത് അദ്ദേഹത്തിന്റെ നൈരന്തര്യമായ ഇടപെടൽ വഴിയായിരുന്നുവെന്ന് ജൂറി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് റിയാദിലെ
പ്രവാസികൾക്കിടയിൽ വിശ്വാസം ആർജ്ജിക്കുവാൻ സാധിച്ച കുടുംബ സുരക്ഷാ പദ്ധതി ആവിഷ്കരിച്ചതും നടപ്പിലാക്കിയതും സിപി മുസ്തഫയുടെ ആശയവും നിർഭയമായ നേതൃത്വവും കൊണ്ടായിരുന്നു. പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകുന്ന സ്കീം വഴി ഇതുവരെ പത്തിലധികം പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമേകാൻ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. റമദാനിലെ ഏകീകൃത ധനസമാഹരണത്തിലൂടെ കേരളത്തിലെ മുഴുവൻ സിഎച്ച് സെൻ്ററുകളെയും സഹായിക്കാൻ പദ്ധതി തയ്യാറാക്കി സെൻട്രൽ കമ്മിറ്റിയുടെ കീഴ്ഘടകങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കാൻ സാധിച്ചതും വേറിട്ട പ്രവർത്തനമായിരുന്നു.

മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശിയായ സി പി മുസ്തഫ ചക്കിപ്പറമ്പൻ കുടുംബാംഗമാണ്. 35 വർഷമായി റിയാദിലുള്ള സി പി മുസ്തഫ തുടക്കം മുതലേ കെഎംസിസിയുടെ നേതൃരംഗത്ത് സജീവമാണ്.