ബംഗ്ലാദേശിൽ കണ്ടെയ്‌നർ ഡിപ്പോയിൽ വൻ തീപിടുത്തം, 28 പേർ മരിച്ചു

0
1464

ധാക്ക: തെക്കുകിഴക്കൻ ബംഗ്ലാദേശിലെ തുറമുഖ നഗരത്തിന് സമീപമുള്ള കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ വൻ തീപിടിത്തത്തിൽ കുറഞ്ഞത് 28 പേർ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ തീ പൂർണ്ണമായും അണക്കാനുള്ള ശ്രമം തുടരുകയാണ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡച്ച്-ബംഗ്ലാദേശ് സംയുക്ത സംരംഭമായ ബിഎം ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയിൽ ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് രാസവസ്തുക്കൾ നിറച്ച കണ്ടെയ്‌നറിൽ സ്‌ഫോടനമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. തലസ്ഥാനമായ ധാക്കയിൽ നിന്ന് 216 കിലോമീറ്റർ (134 മൈൽ) തെക്കുകിഴക്കായി ചിറ്റഗോങ്ങിലാണ് ഡിപ്പോ സ്ഥിതി ചെയ്യുന്നത്.

മരിച്ചവരിൽ അഞ്ച് അഗ്നിശമന സേനാംഗങ്ങളെങ്കിലും ഉൾപ്പെടുന്നുവെന്ന് ബംഗ്ലാദേശ് ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗ്രെഡിയർ ജനറൽ മുഈനുദ്ധീൻ അറിയിച്ചു. 15 അഗ്നിശമന സേനാംഗങ്ങൾ പൊള്ളലേറ്റ് ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാരംഭ സ്‌ഫോടനത്തിന് ശേഷം തീ പടരുന്നതിനിടെ നിരവധി തവണ സ്‌ഫോടനങ്ങൾ ഉണ്ടായതായി അദ്ദേഹം അറിയിച്ചു. അഗ്നിശമന സേനാംഗങ്ങളെ സഹായിക്കാൻ ബംഗ്ലാദേശ് സൈന്യത്തിൽ നിന്നുള്ള സ്ഫോടകവസ്തു വിദഗ്ധരെ വിളിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ജനാലകൾ തകർന്നുവെന്നും 4 കിലോമീറ്റർ അകലെ വരെ സ്‌ഫോടനം അനുഭവപ്പെട്ടെന്നും ഉദ്യോഗസ്ഥരും പ്രാദേശിക മാധ്യമങ്ങളും അറിയിച്ചു.