ജിദ്ദ: “കെ.എം.സി.സി.യിൽ അംഗമാവുക, പ്രവാസത്തിൻ്റെ നന്മയാവുക”
എന്ന പ്രമേയവുമായി ജിദ്ദയിൽ കെ.എം.സി.സി അംഗത്വ കാംപയിന് തുടക്കമായി. ജിദ്ദ കിംഗ് ഫൈസൽ സ്പെഷാലിറ്റി ഹോസ്പ്പിറ്റലിലെ ഹിമറ്റോളജി (മജ്ജ മാറ്റിവെക്കൽ) കൺസൾട്ടൻ്റ് ഡോ. ബിൻയാം സ്വാമിമഠത്തിൽ മുഹമ്മദ് ഉസ്മാനിൽ നിന്ന് കെ.എം.സി.സി അംഗത്വ അപേക്ഷ ഫോറം സ്വീകരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം കാംപയിൻ ഉദ്ഘാടനം ചെയ്തു.
താനും സഹപ്രവർത്തകരും ജിദ്ദയിൽ കെ.എം.സി.സി ക്ക് നേതൃത്വം നൽകിയ കാലത്ത് നിന്ന് ജിദ്ദ കെ.എം.സി.സി ബഹു ദൂരം മുന്നോട്ട് പോയതിൻ്റെ തെളിവാണ് കെ.എം.സി.സിയിൽ കാണുന്ന വലിയ ജനപങ്കാളിത്തവും വൻകിട പദ്ധതികളുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി 14 വർഷം യു.കെ യിൽ ജോലി ചെയ്ത എറണാകുളം പുല്ലേപ്പടി സ്വദേശിയായ ഡോ. ബിൻയാം 5 വർഷമായി ജിദ്ദയിലുണ്ട്. ഉന്നതമായ മാനവീകത ഉയർത്തി പിടിച്ച് സാധ്യമായ രീതിയിലൊക്കെ സഹജീവികളെ ചേർത്ത് പിടിച്ച് കെ.എം.സി.സി നടത്തി വരുന്ന പ്രവർത്തനങ്ങൾ താൻ നിരന്തരം ശ്രദ്ധിക്കാറുണ്ട്. ഇത്തരം കാര്യങ്ങളിൽ പങ്കാളിത്തം വഹിക്കൽ തൻ്റെയും കൂടി ധർമ്മമാണെന്ന തിരിച്ചറിവാണ് കെ.എം.സി.സിയിൽ അംഗത്വമെടുക്കാൻ പ്രചോദനമായതെന്ന് ഡോ. ബിൻയാം പറഞ്ഞു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാരണം നിർത്തിവെച്ച ജിദ്ദയിലെ മെമ്പർഷിപ്പ് കാം പയിൻ ഇനി വലിയ പ്രചാരണപ്രവർത്തനങ്ങളോടെ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിൽ ഇരുപത്തയ്യായിരം അംഗങ്ങളുള്ള ജിദ്ദയിൽ അംഗ സംഖ്യ വർദ്ധിപ്പിക്കും. കാംപയിനിൻ്റെ ഭാഗമായി പ്രമേയ വിശദീകരണ യോഗങ്ങൾ, കലാ സാംസ്കാരിക വിചാര സദസ്സുകൾ, സെമിനാറുകൾ, കുടുംബ സംഗമങ്ങൾ, കായിക മേളകൾ, ഏരിയ സമ്മേളനങ്ങൾ, പുസ്തക ചർച്ചകൾ തുടങ്ങി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കും. കെ.എം.സി.സി.യുടെ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ താല്പര്യമുള്ള വിവിധ മേഖലയിലുള്ളവർക്ക് പുതുതായി സംഘടനയിൽ അംഗത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ജിദ്ദയിലെ കെ.എം.സി.സി ഏരിയ കമ്മിറ്റികൾ വഴിയാണ് അംഗത്വ വിതരണം നടപ്പാക്കുക. 20 റിയാലാണ് അംഗത്വ ഫീസ്.
കോവിഡ് കാലത്തടക്കം പ്രവാസികൾ പ്രയാസപ്പെട്ട എല്ലാ കാലത്തും പ്രവാസി സമൂഹത്തെ ചേർത്ത് പിടിച്ച കെ.എം.സി.സിയുടെ സാമൂഹിക ക്ഷേമപദ്ധതികളെ കുറിച്ചും നാട്ടിലും പ്രവാസ ലോകത്തും നടപ്പാക്കുന്ന വിവിധ പദ്ധതികളുമൊക്കെ അംഗത്വ വിതരണ കാലയളവിൽ പൊതു സമൂഹത്തിൽ പരിചയപ്പെടുത്തുന്നതാണെന്നും കെഎംസിസി ഭാരവാഹികൾ അറിയിച്ചു.