ആധാർ മുന്നറിയിപ്പ് കേന്ദ്ര ഐടി മന്ത്രാലയം പിൻവലിച്ചു

0
3794

ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിർദ്ദേശം നൽകിയതെന്നും എന്നാൽ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസർക്കാർ പുതിയ അറിയിപ്പിൽ വ്യക്തമാക്കി

ന്യൂഡൽഹി: ആധാർ കാർഡിന്റെ പകര്‍പ്പ് സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുതെന്ന കർശന നിർദേശനം നല്‍കി പുറത്തിറക്കിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രം പുറത്തിറക്കിയ നിർദ്ദേശങ്ങളാണ് കേന്ദ്രസർക്കാർ റദ്ദ് ചെയ്തത്.

ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിർദ്ദേശം നൽകിയതെന്നും എന്നാൽ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസർക്കാർ പുതിയ അറിയിപ്പിൽ വ്യക്തമാക്കി.

മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ആധാര്‍ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ സാധാരണ മുൻകരുതൽ മതിയെന്നാണ് പുതിയ അറിയിപ്പ്. ആധാർ കാർഡിൽ സ്വകാര്യത സംരക്ഷിക്കാൻ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടരുതെന്നായിരുന്നു കേന്ദ്ര സർക്കാർ നിർദേശം. അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പരിന്‍റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന ‘മാസ്‌ക്ഡ്’ പകര്‍പ്പ് മാത്രം കൈമാറാനാണ് നേരത്തെ പുറത്തുവന്ന ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. ആധാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയം ഇത്തരമൊരു നിർദ്ദേശം നൽകിയത്.


യുണീക് ഐഡന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്നും (യുഐഡിഎഐ) യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്കു മാത്രമേ ഒരു വ്യക്തിയുടെ തിരിച്ചറിയൽ വിവരങ്ങൾക്കായി ആധാർ ഉപയോഗിക്കാൻ അനുമതിയുള്ളൂവെന്ന് ഐടി മന്ത്രാലയം മേയ് 27 നു പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. അടുത്തകാലത്തായി ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കർശന നിർദേശവുമായി സർക്കാർ രംഗത്തെത്തിയത്. ഉപഭോക്താക്കളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങിവെയ്ക്കാന്‍ അംഗീകൃത സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുവാദം നൽകിയിട്ടുള്ളത്. ലൈസൻസില്ലാത്ത ഹോട്ടലുകൾ, സിനിമാ ഹാളുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾ ആധാർ കാർഡുകളുടെ പകർപ്പ് സ്വീകരിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ആധാർ പകർപ്പ് ഇത്തരത്തിൽ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നത് ആധാർ ആക്ട് 2016 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ ആധാർ കാർഡോ അതിന്റെ പകർപ്പോ ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് യുഐഡിഎഐ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കാമെന്നും മന്ത്രാലയം നിർദേശിച്ചിരുന്നു. ഈ മുന്നറിയിപ്പുകളെല്ലാം ഉൾപ്പെടുന്ന നിർദ്ദേശമാണ് ഇപ്പോൾ പിൻവലിച്ചത്.